ന്യൂഡൽഹി: നാടിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത ഹീറോ ആണ് തന്റെ ഭർത്താവെന്ന് വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി. തനിക്കൊരിക്കലും സാധാരണ മരണം വരിക്കേണ്ടെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് പോലെ സംഭവിച്ചുവെന്നും സ്മൃതി പറഞ്ഞു. രാഷ്ട്രപതിയുടെ പക്കൽ നിന്നും മരണാനന്തര ബഹുമതിയായി കീർത്തിചക്ര ഏറ്റുവാങ്ങാൻ എത്തിയ വേളയിൽ ആയിരുന്നു സ്മൃതി വൈകാരികമായി പ്രതികരിച്ചത്. കീർത്തിചക്ര ഏറ്റുവാങ്ങാൻ അൻഷുമാന്റെ മാതാവും എത്തിയിരുന്നു.
കോളേജിൽ വച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയതെന്ന് സ്മൃതി പറഞ്ഞു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഉണ്ടായി. ഇതിന് ഒരുമാസം കഴിഞ്ഞാണ് അദ്ദേഹത്തിന് എഫ്എംസി ( ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ ) യിൽ സെലക്ഷൻ കിട്ടിയത്. ഞങ്ങൾ എൻജിനീയറിംഗ് കോളേജിൽവച്ചായിരുന്നു കണ്ട് മുട്ടിയത്. പക്ഷെ ബുദ്ധിമാനായ അദ്ദേഹം പിന്നീട് മെഡിക്കൽ കോളേജിലേക്ക് പോയി. പിന്നീട് എട്ട് വർഷക്കാലം തങ്ങളുടേത് ലോംഗ് ഡിസ്റ്റൻ റിലേഷൻഷിപ്പ് ആയിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു വിവാഹം.
എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ അദ്ദേഹത്തിന് സിയാച്ചിനിൽ പോസ്റ്റിൽ ലഭിച്ചു. ഇതിന് ശേഷം ഒരു ദിവസം ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അടുത്ത 15 വർഷം ജീവിതം എങ്ങിനെയെല്ലാം ആകണം എന്നതിനെക്കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്. നല്ലൊരു വീട് വയ്ക്കാനും കുട്ടികളുടെ ഭാവിയെപ്പറ്റിയും, അങ്ങിനെ സകലതിനെക്കുറിച്ചും സംസാരിച്ചു. പക്ഷെ ഇതൊന്നും പൂർത്തിയാക്കാൻ അദ്ദേഹം ഇന്ന് എന്റെ കൂടെയില്ല.
അൻഷുമാൻ മരിച്ചെന്ന് എനിക്കോ കുടുംബത്തിനോ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എട്ട് മണിക്കൂറോളം എടുത്തു ആ യാഥാർത്ഥ്യം അംഗീകരിക്കാൻ. ഇപ്പോഴും അതൊന്നും സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നുണ്ട്. എന്നാൽ ഇന്ന് എന്റെ കൈകളിൽ ഇരിക്കുന്ന കീർത്തിചക്ര അദ്ദേഹം ഇനിയില്ലെന്നാണ് എന്നോട് പറയുന്നതെന്നും സ്മൃതി കൂട്ടിച്ചേർത്തു.
Discussion about this post