ഹരാരെ: ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ പരമ്പരയ്ക്ക് ഇറങ്ങിയ ഇന്ത്യൻ ടീമിന് ഞെട്ടിക്കുന്ന തോൽവിയോടെ പുതിയ സീസണിന് തുടക്കം. സീനിയർ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ യുവനിരയെ 13 റൺസിനാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്. ക്യാപ്ടൻ സിക്കന്ദർ റാസയുടെ മികച്ച പ്രകടനമാണ് ലോക ചാമ്പ്യന്മാരെ വീഴ്ത്താൻ ആതിഥേയർക്ക് സഹായകമായത്.
നേരത്തേ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, രവി ബിഷ്ണോയിയുടെയും വാഷിംഗ്ടൺ സുന്ദറുടെയും തകർപ്പൻ ബൗളിംഗിന്റെ കരുത്തിൽ ആതിഥേയരെ 9ന് 115 എന്ന ചെറിയ സ്കോറിൽ ഒതുക്കി. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച സിംബാബ്വെ, ഇന്ത്യയെ 19.5 ഓവറിൽ 102 റൺസിന് പുറത്താക്കുകയായിരുന്നു.
4 ഓവറിൽ 2 മെയ്ഡനുകൾ ഉൾപ്പെടെ 13 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് ബിഷ്ണോയ് വീഴ്ത്തിയത്. 4 ഓവറിൽ 11 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ ബിഷ്ണോയിക്ക് മികച്ച പിന്തുണ നൽകി. മുകേഷ് കുമാറിനും ആവേശ് ഖാനും ഓരോ വിക്കറ്റുകൾ ലഭിച്ചപ്പോൾ, 29 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്ലൈവ് മദാന്ദെ ആയിരുന്നു സിംബാബ്വെയുടെ ടോപ് സ്കോറർ. സിക്കന്ദർ റാസ 17 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പിന്നീട് ഇന്ത്യക്ക് മേൽക്കൈ നേടാൻ സാധിച്ചില്ല. 31 റൺസെടുത്ത ക്യാപ്ടൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോൾ, വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും ആവേശ് ഖാനും നടത്തിയ ചെറുത്ത് നിൽപ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല.
3.5 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ടെൻഡായ് ചതാര 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യൻ തകർച്ചയ്ക്ക് ആക്കം കൂട്ടിയ ക്യാപ്ടൻ സിക്കന്ദർ റാസയും 3 വിക്കറ്റുകൾ വീഴ്ത്തി. ബ്രയാൻ ബെന്നറ്റിനും വെല്ലിംഗ്ടൺ മസാക്കഡ്സയ്ക്കും ബ്ലെസിംഗ് മുസറബാനിക്കും ലൂക്ക് യോംഗ്വേക്കും ഓരോ വിക്കറ്റുകൾ ലഭിച്ചു.
Discussion about this post