ഗാന്ധിനഗർ ; ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തന നടപടികൾ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത് . ഏതാണ്ട് പത്തിലേറെ പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ആറോളം കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽ നിലംപൊത്തിയത്.
ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതായി ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു. ഏഴാമത്തെ മൃതദേഹം രാവിലെ 6 മണിയോടെയാണ് പുറത്തെടുത്തത്. തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കൂടുതൽ താമസക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേൾക്കാമായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റേയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
2017ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്നുവീണത്. നിർമ്മാണം പൂർത്തിയാക്കിയ ആറു വർഷങ്ങൾക്കുള്ളിൽ തന്നെ കെട്ടിടം ജീർണാവസ്ഥയിൽ ആയതിനാൽ കെട്ടിടം ഒഴിയണമെന്നും പൊളിച്ചു മാറ്റണമെന്നും ഉടമയോട് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥൻ വിദേശത്താണെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിക്കുന്നത്.










Discussion about this post