ന്യൂഡൽഹി : ട്രാൻസ് മാൻ ഐആർഎസ് ഓഫീസർക്ക് ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാൻ കേന്ദ്ര ധന മന്ത്രാലയം അനുമതി നൽകി. ഐആർഎസ് ഓഫീസർ അനുസൂയ ഇനി ഔദ്യോഗിക രേഖകളിൽ അനുകതിർ സൂര്യ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുന്നത്. നിലവിൽ ഹൈദരാബാദിലെ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ചീഫ് കമ്മീഷണറുടെ ഓഫീസിൽ ജോയിൻ്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് അനുകതിർ.
2013 ബാച്ച് ഐആർഎസ് (കസ്റ്റംസ് & പരോക്ഷ നികുതി) ഉദ്യോഗസ്ഥയായ എം അനുസൂയ ലിംഗമാറ്റം നടത്തിയതിനെ തുടർന്ന് കേന്ദ്ര ധന മന്ത്രാലയത്തോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. തൻ്റെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗഭേദം സ്ത്രീയിൽ നിന്ന് പുരുഷനെന്നും മാറ്റണമെന്നായിരുന്നു അദ്ദേഹം ധന മന്ത്രാലയത്തിനോട് അപേക്ഷിച്ചിരുന്നത്.
2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായി കരിയർ ആരംഭിച്ച എം അനുസൂയ 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം നേടി. 2023ലാണ് അവർ ഹൈദരാബാദിൽ തൻ്റെ നിലവിലെ പോസ്റ്റിംഗിൽ ചേർന്നത്. ഈ കാലയളവിനിടയിൽ അനുസൂയ ലിംഗമാറ്റം നടത്തി പുരുഷനാവുകയും അനുകതിർ സൂര്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റുന്നതിനായി ഐആർഎസ് ഓഫീസർ എന്ന നിലയിൽ അവർക്ക് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി ലഭിക്കണമായിരുന്നു.
2010-ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദവും 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷമാണ് അനുകതിർ സിവിൽ സർവീസ് നേടിയിരുന്നത്.
Discussion about this post