ഇന്നത്തെ കാലത്ത് ചെറിയ ജോലി കിട്ടിയാലും ഓടിപ്പോയി ക്രെഡിറ്റ് കാർഡ് എടുക്കാനായി ശ്രമിക്കുന്നവരാണ് പല യുവാക്കളും. മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ക്രെഡിറ്റ് കാർഡ് നമ്മളെക്കൊണ്ട് വാങ്ങാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, ഇതിനെ കുറിച്ച് ശരിക്കും അറിയാതെ ക്രെഡിറ്റ് കാർഡ് എടുക്കുകയും അനാവശ്യമായി അവ ഉപയോഗിക്കുകയും ചെയ്താൽ നമ്മൾ വലിയ കടത്തിലേയ്ക്കാണ് ചെന്ന് വീഴുക എന്നതാണ് യാഥാർത്ഥ്യം.
വിവിധ പേരുകളിലായി വലിയ ഫീസുകളാണ് ക്രെഡിറ്റ് കാർഡ് കമ്പനികളും ബാങ്കും വാങ്ങാറുള്ളത്. ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് ഈടാക്കുന്ന എല്ലാ ഫീസുകളെ കുറിച്ചും കാർഡ് എടുക്കുന്ന സമയത്ത് ബാങ്കുകാർ പറയണമെന്നില്ല. നിരവധി പേപ്പറുകൾ സാധാരണയായി നാം ക്രെഡിറ്റ് കാർഡ് എടുക്കുന്ന സമയത്ത് ബാങ്കിന് ഒപ്പിട്ട് നൽകാറുണ്ട്. എന്നാൽ, ഈ പേപ്പറുകൾ എല്ലാം പലരും വായിച്ച് നോക്കിയല്ല, ഒപ്പിട്ട് നൽകാറുള്ളത് എന്നതാണ് സത്യം.
ഇനി എന്തെല്ലാം ചാർജുകളാണ് ഒരു ക്രെഡിറ്റ് കാർഡ് ഉപയോക്താവിൽ നിന്നും വാങ്ങാറുള്ളതെന്ന് നോക്കാം….
ക്രെഡിറ്റ് കാർർ ഉപയോക്താവിൽ നിന്നും ഈടാക്കുന്ന ഒരു ചാർജ് ആണ് ജോയിനിംഗ് ഫീസും വാർഷിക ചാർജും. മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ഇവ ഈടാക്കാറുണ്ട്. കാർഡിലൂടെ നമുക്ക് കിട്ടുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഈ ഫീസ് വർഷം തോറും ഒറ്റത്തവണയായാണ് ഈടാക്കുക. വിവിധ കാർഡുകളനുസരിച്ച് 100 മുതൽ 1000 രൂപവരെയാണ് ഈടാക്കാറുള്ളത്.
മറ്റൊന്നാണ് ഫിനാൻസ് ചാർജും പലശ നിരക്കും. ക്രെഡിറ്റ് കാർഡിലെ ചിലവാക്കലുകളെ ബാധിക്കുന്നവയാണ് ഇവ രണ്ടും. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ബിൽ കൃത്യമായി അടച്ചില്ലെങ്കിൽ അടക്കാത്ത പണത്തിന് ബാങ്ക് ഫിനാൻസ് ചാർജ് ചുമത്തുന്നു. ഇത് ഒഴിവാക്കാനായി മുഴുവൻ ബില്ലും അടക്കണം എന്നുള്ളതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന മാർഗം. ഇങ്ങനെ ഈടാക്കുന്ന പലിശകൾ എല്ലാ ബാങ്കിലും വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ ഓരോ ബാങ്കും ഈടാക്കുന്ന ഫിനാൻസ് ചാർജ് മനസിലാക്കി വേണം ക്രെഡിറ്റ് കാർഡ് എടുക്കാൻ.
പലരും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ പണം പിൻവലിക്കുമ്പോൾ ഒരു നിശ്ചിത തുക ബാങ്ക് ഈടാക്കാറുണ്ട്. ഇക്കാര്യവും നമ്മൾ അറിഞ്ഞിരിക്കണം.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പമ്പുകളിൽ നിന്നും പെട്രോളോ ഡീസലോ വാങ്ങുമ്പോൾ അതിന് സർചാർജ് ഈടാക്കാറുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് അധികം ആർക്കും അറിയില്ല. ഇത്തരത്തിൽ അതുകൊണ്ട് തന്നെ പമ്പുകളിൽ ഉപയോഗിക്കാൻ ഫ്യുവൽ കാർഡുകൾ എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇല്ലെങ്കിൽ വലയൊരു തുക തന്നെ ഇത്തരത്തിലുള്ള ചാർജായി നൽകേണ്ടി വരും.
Discussion about this post