ന്യൂഡൽഹി : ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി ആയ ജസ്റ്റിസ് നിധിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കും. കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ഉടൻതന്നെ നിയമന ഉത്തരവ് പുറത്തിറങ്ങുന്നതായിരിക്കും. നിലവിൽ ബോംബെ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആണ് നിതിൻ ജാംദാർ.
2023 മേയിൽ ആയിരുന്നു നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതിയിലെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചിരുന്നത്. 2012 മുതൽ അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജി കൂടിയാണ് നിതിൻ ജാംദാർ. മുൻപ് കേന്ദ്രസർക്കാരിൽ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലേക്ക് പുതുതായി 2 ജഡ്ജിമാരെ കൂടി നിയമിക്കാനും കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ ജമ്മുകശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ എൻ കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയ ആർ മഹാദേവൻ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. സുപ്രീംകോടതിയിൽ നിന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ച ഒഴിവിലാണ് പുതിയ രണ്ടു ജഡ്ജിമാർക്ക് നിയമനം നൽകുന്നത്.
Discussion about this post