കാഠ്മണ്ഡു : നേപ്പാളിൽ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് രണ്ട് ബസ്സുകൾ കാണാതായി. പെട്ടെന്നുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ബസുകൾ ഒലിച്ചു പോവുകയായിരുന്നു. സംഭവത്തിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 65 പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ബസ്സുകൾ ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയതായാണ് കരുതപ്പെടുന്നത്. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിംഗ് റോഡിനോട് ചേർന്നായിരുന്നു അപകടമുണ്ടായത്. 63 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് രണ്ട് ബസുകളിലുമായി ഉണ്ടായിരുന്നത്.
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സും പുലർച്ചെ 3:30 ഓടെയാണ് അപകടത്തിൽ പെട്ടതെന്നാണ് നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ത്രിശൂലി നദിയിൽ ബസ് കാണാതായതിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ അടിയന്തര തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post