ലണ്ടൻ : ഇംഗ്ലണ്ടിനെ നടുക്കിക്കൊണ്ട് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട് കേസുകൾ കണ്ടെത്തിയിരിക്കുകയാണ് യുകെ പോലീസ്. ഇംഗ്ലണ്ടിലെ തെക്കൻ നഗരമായ ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ക്ലിഫ്റ്റൺ തൂക്കുപാലത്തിൽ നിന്നുമാണ് ദുരൂഹമായ രണ്ട് സ്യൂട്ട് കേസുകൾ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം രാത്രി പാലത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് പോലീസ് ഈ മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ സ്യൂട്ട്കേസുകൾ കണ്ടെത്തിയത്.
പോലീസ് ആദ്യം പരിശോധന നടത്തിയപ്പോൾ പാലത്തിനു മുകളിൽ നിന്നും ഒരു സ്യൂട്ട്കേസ് ആയിരുന്നു ലഭിച്ചിരുന്നത്. തുറന്നു നോക്കിയപ്പോഴാണ് ഇതിനകത്ത് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് സമീപത്ത് നടത്തിയ പരിശോധനയിൽ മറ്റൊരു സ്യൂട്ട്കേസ് കൂടി കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് അവോൺ ആൻഡ് സോമർസെറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരൂഹമായ സാഹചര്യത്തിൽ പാലത്തിനു മുകളിൽ കണ്ടെത്തിയ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ ക്ലിഫ്റ്റൺ പാലത്തിലേക്ക് എത്തിച്ച ടാക്സിയും ഡ്രൈവറെയും പോലീസ് കണ്ടെത്തിയിട്ടുള്ളതായും പ്രതിയെ കുറിച്ച് ഉടൻതന്നെ സൂചന ലഭിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post