ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മുലപ്പാൽ ബാങ്ക് ആണ് പൂട്ടിയത്. അനിസ്ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ് അടച്ചു പൂട്ടിയത്.ഒരേ അമ്മയുടെ മുലപ്പാൽ കുടിക്കുന്ന കുട്ടികൾ തമ്മിൽ ഭാവിയിൽ വിവാഹിതരായാൽ അനിസ്ലാമികമാകുമെന്ന് വിലയിരുത്തിയാണ് ഗവൺമെൻ്റിൻ്റെ നാഷണൽ കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി ബാങ്കിനെ എതിർത്തത്. വിവാഹങ്ങളുടെ പ്രശ്നം സങ്കീർണ്ണമാക്കാതിരിക്കാൻ ദാതാക്കൾ ആരാണെന്ന് കുട്ടിയുടെ കുടുംബം അറിഞ്ഞിരിക്കണമെന്ന് കൗൺസിലിലെ ഗവേഷണ മേധാവി ഇനാമുള്ള എഎഫ്പിയോട് പറഞ്ഞു.
ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്ലാമിക് കൗൺസിൽ അറിയിച്ചു.
കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം പിൻവലിക്കുകയും ചെയ്തു. പിന്നാലെ ബാങ്ക് പൂട്ടുകയായിരുന്നു.
യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്കനുസരിച്ച്, പാകിസ്താനിലെ നവജാതശിശു മരണനിരക്ക് 1,000 ജനനങ്ങളിൽ 39 ആണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ.
Discussion about this post