തിരുവനന്തപുരം :ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്.
46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. നാവികസേന സ്‌കൂബ ടീമും തിരച്ചിൽ നടത്തുമ്പോഴാണ് അല്പം അകലെ ജോയിയുടെ മൃതദേഹം കാണപ്പെടുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് കണ്ടത്. ഉടൻ തന്നെ പോലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടി ക്രമങ്ങളിലേക്ക് നടക്കുകയാണ്. കനാലിൽ നിന്നും പുറത്തെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ജൂലൈ 13 ന് രാവിലെ 10മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റു 3 തൊഴിലാളികളും തോട് വൃത്തിയാക്കൻ ഇറങ്ങിയത്. കനത്തമഴയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെകാണാതായി.രക്ഷാപ്രവർത്തകർ മാലിന്യങ്ങൾക്കടിയിൽ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല.
Discussion about this post