മലാക്ക കടലിടുക്കിന് മുകളിൽ രൂപപ്പെട്ട ‘സെൻയാർ’ ചുഴലിക്കാറ്റ് ദുർബലമാകുന്നതിന് പിന്നാലെ ശ്രീലങ്കൻ തീരത്തിന് സമീപം മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപംകൊണ്ടു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം സ്ഥിതി ചെയ്ത തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറി ‘ഡിറ്റ് വാ’ എന്ന പേരിലുള്ള ചുഴലിക്കാറ്റായി മാറി.
പുതിയ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കൻ തീരത്തിന് സമീപം രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന്റെ ദിശ വടക്കുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്കാണ് നീങ്ങുന്നതെങ്കിൽ അത് കേരളത്തെയും നേരിട്ട് ബാധിക്കുമായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചാൽ കേരളത്തിൽ പേമാരിക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടായിരുന്നു. എന്നാൽ നിലവിൽ ചുഴലിക്കാറ്റ് വടക്കോട്ട് മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്നും അതിനാൽ കേരളത്തെ ബാധിക്കില്ലെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.













Discussion about this post