ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്നും ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചേക്കും. ഇക്കാര്യം യുഎസ് ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ 20 ഉപഗ്രഹങ്ങൾ ആകും ഭൂമിയിൽ പതിയ്ക്കുക.
ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സ്‌പേസ് എക്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച ഉപഗ്രഹങ്ങളാണ് ഭൂമിയിൽ പതിയ്ക്കുന്ന 20 എണ്ണവും. രണ്ടാം ഘട്ടത്തിൽ റോക്കറ്റിൽ നിന്നുള്ള ദ്രാവക ഓക്‌സിജൻ ചോർന്നു. ഇതേ തുടർന്ന് ഭ്രമണപഥം ഉയർത്തുന്നതിനായുള്ള രണ്ടാം ജ്വലനം പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഈ ഉപഗ്രഹങ്ങൾ യഥാസ്ഥാനത്ത് വിക്ഷേപിക്കാൻ റോക്കറ്റിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇവ തിരികെ ഭൂമിയിലേക്ക് പതിയ്ക്കുന്നത്.
നിലവിൽ ഈ ഉപഗ്രഹങ്ങളും ഭൂമിയും തമ്മിൽ വലിയ അകലമില്ല. ഭൂമിയിൽ നിന്നും 135 കിലോ മീറ്റർ മാത്രം മുകളിലുള്ള ദീർഘവൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിൽ ഏറ്റവും താഴ്ന്ന പോയിന്റിലാണ് ഉപഗ്രഹങ്ങൾ ഉള്ളത്. അതിനാൽ ദിവസങ്ങൾ കൊണ്ടുതന്നെ ഇവ ഭൂമിയിൽ എത്തിച്ചേരും.
അതേസമയം ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് പതിയ്ക്കുന്നുവെന്ന വാർത്ത വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉപഗ്രഹങ്ങൾ എത്തുന്നത് ഭ്രമണപഥത്തിലെ മറ്റ് ഉപഗ്രഹങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്നാണ് സ്‌പേസ് എക്‌സിന്റെ ഉറപ്പ്.












Discussion about this post