ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്ന് കരുതുന്ന ഭണ്ഡാരം ഒഡീഷ സർക്കാരിന്റെ 11 ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിൽ തുറന്നത്. എന്നാൽ ഇതിനുള്ളിലുള്ള വിലപിടിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ഇപ്പോൾ നടത്തില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആഭരണങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് സൃഷ്ടിക്കുന്നതിനായി രത്‌ന ഭണ്ഡാരത്തിലേക്ക് പ്രവേശിക്കുന്നതും മറ്റുമായ എല്ലാം കാര്യങ്ങളും വീഡിയോയായി പകർത്തിയിട്ടുണ്ട്. പുരി ഭരണകൂടത്തിന്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് നിലവറ തുറക്കാൻ പ്രത്യേക ടീമുകളും ഉണ്ടായിരുന്നു. നിലവറയ്ക്കകത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയം ഉള്ളതിനാൽ പാമ്പ് പിടുത്തക്കാരെയും മെഡിക്കൽ സംഘത്തെയും പുറത്ത് സജ്ജമാക്കിയിരുന്നു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘ജഗമോഹന’യ്ക്ക് വടക്കുഭാഗത്തായാണ് രത്‌ന ഭണ്ഡാരം സ്ഥിതിചെയ്യുന്നത്. ഇതിന് മുമ്പ് 1978 മേയ് 13 മുതൽ ജൂലൈ 23 വരെയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്ന് പരിശോധിച്ചത്.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പുരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചതെങ്കിലും അന്ന് രത്‌നഭണ്ഡാരം ഉണ്ടായിരുന്നില്ല. ഇത് പിന്നീടാണ് നിർമ്മിച്ചത്. രത്‌നഭണ്ഡാരത്തിനകത്തെ അറയിൽ സ്വർണവും വജ്രവും വിലപിടിപ്പുള്ള രത്‌നങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷയുടെ രാജാവായിരുന്ന അനംഗഭീമ ദേവ്, ഭഗവാന് ആഭരണങ്ങൾ നിർമ്മിക്കാനായി നൽകിയ 250 കിലോയോളം വരുന്ന സ്വർണം ഈ നിലവറയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഒഡീഷ മാഗസിൻ പറയുന്നു. ഇതുകൂടാതെ സ്വർണ്ണം, വജ്രം, പവിഴങ്ങൾ, മുത്തുകൾ എന്നിവകൊണ്ട് നിർമ്മിച്ച പ്ലേറ്റുകളും അതോടൊപ്പം 140 ലധികം വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തിൽ ഉണ്ട്.
1805ൽ അന്നത്തെ പുരി കളക്ടർ ചാൾസ് ഗ്രോം നിലവറയ്ക്ക് അകത്ത് സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുടെ ഔദ്യോഗികമായ കണക്കെടുപ്പ് നടത്തിയിരുന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന നിലവറയിൽ 1,333 ഓളം പുരാവസ്തുക്കൾ ഉണ്ടെന്ന് പറഞ്ഞിരുന്നു.
തുടർന്ന് 1978ൽ നടത്തിയ കണക്കെടുപ്പിൽ 454 സ്വർണ്ണാഭരണങ്ങളും (128.38 കിലോഗ്രാം) 293 വെള്ളി ആഭരണങ്ങളും (221.53 കിലോഗ്രാം) ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് 1985-ൽ വീണ്ടും അകത്ത് പ്രവേശിച്ചിരുന്നെങ്കിലും അകത്തെ വസ്തുക്കളുടെ കണക്കെടുത്തിരുന്നില്ല.
Discussion about this post