അഹമ്മദാബാദ്: സ്ത്രീകളോട് പേരോ, മേൽവിലാസമോ, മൊബൈൽ നമ്പറോ ചോദിക്കുന്നത് ലൈംഗികാതിക്രമങ്ങളുടെ കീഴിൽ വരില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.ഇത്തരം ചോദ്യങ്ങൾ അനുചിതമാണെങ്കിലും ലൈംഗികാതിക്രമങ്ങളുടെ കീഴിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
പരിചയമില്ലാത്ത യുവതിയോട് പേരും, മേൽവിലാസവും, ഫോൺ നമ്പറും ചോദിച്ചതിന് അറസ്റ്റിലായ ഗാന്ധിനഗർ സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
തന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും ചോദിച്ചെന്നാരോപിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 26 നാണ് സമീർ റോയ് എന്ന യുവാവിനെതിരെ സ്ത്രീ പോലീസിൽ പരാതിപ്പെടുന്നതും 21 ആം വകുപ്പ് പ്രകാരം എഫ്‌ഐഅർ രജിസ്റ്റർ ചെയ്യുന്നതും. ഐപിസി സെക്ഷൻ 354എ അനുസരിച്ചാണ് റോയിയ്‌ക്കെതിരെ പോലീസ് എഫ്‌ഐഅർ രജിസ്റ്റർ ചെയ്തത്
പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയും പോലീസ് തന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അതിലെ ചില വിവരങ്ങൾ നശിപ്പിച്ചുവെന്നും ആരോപിച്ചാണ് റോയ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
പരിചയമില്ലാത്ത ഒരു സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് കുറ്റകരമായി പരിഗണിക്കാമെങ്കിലും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് നിസാർ ദേശായി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൂടാതെ പോലീസ് നടപടിയെയും കോടതി ചോദ്യം ചെയ്തു.
Discussion about this post