ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു പുതിയ ഭാരതത്തെ കെട്ടിപ്പടുക്കാൻ കഴിഞ്ഞ രണ്ടു മന്ത്രിസഭകൾക്കും കഴിഞ്ഞു എന്നത് ഏതൊരു പ്രവാസി ഭാരതീയനും അഭിമാനമുണർത്തുന്ന കാര്യമാണ്.
അതിൻ്റെ പിന്തുടർച്ചയാകും ഈ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭ എന്നതിൽ യാതൊരു സംശയവുമില്ല എന്നും കെഎച്ച്എൻഎ ഡയരക്ടർ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.
പുതിയ കേന്ദ്ര സർക്കാരിനെ ഏറെ പ്രതീക്ഷകളോടെ ആണ് കേരളവും കേരള പ്രവാസി സമൂഹവും നോക്കികാണുന്നത്. ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന പോലെ സ്വന്തം നാടിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കാൻ പ്രതിജ്ഞാബദ്ധവും സദാ സന്നദ്ധവുമാണ് കെഎച്ച്എൻഎ എന്ന് ഡയറക്ടർ ബോർഡിന് വേണ്ടി പ്രസിഡൻ്റ് ഡോ. നിഷ പിള്ള അറിയിച്ചു. “കെഎച്ച്എൻഎ ഫോർ കേരള” എന്നതു കേരളത്തിലെ നിർധനരായ സഹോദരങ്ങൾക്ക് കൈതാങ്ങാകുന്ന പദ്ധതിയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരുക്കുന്നത്. പദ്ധതി നടത്തിപ്പിനായുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു എന്ന് ഡോ. നിഷ പിള്ള പറഞ്ഞു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 20 എംപിമാരെയും ഒപ്പം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ ശ്രീ സുരേഷ് ഗോപി, ശ്രീ ജോർജ് കുര്യൻ എന്നിവരെയും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അനുമോദിച്ചു. 2009 കാലഘട്ടം മുതൽ തന്നെ കെഎച്ച്എൻഎ യുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 2010ൽ കെഎച്ച്എൻഎ വാഷിങ്ടൺ ഡിസി യിലെ മുരുക ക്ഷേത്രത്തിൽ വച്ച് വിദ്യാർഥികൾക്കായി ശ്രീ എം ജി മേനോൻ്റെ നേതൃത്വത്തിൽ നടത്തിയ “വിദ്യാരംഭം” പരിപാടിയിലും , 2017ല് ഡിട്രോയിറ്റിൽ വച്ച് നടന്ന കെഎച്ച്എൻഎ ത്രിദിന കൺവൻഷനിലും ചലച്ചിത്ര താരം , രാജ്യസഭ എംപി എന്നീ നിലകളിൽ ഉള്ള ശ്രീ സുരേഷ് ഗോപിയുടെ സാന്നിധ്യം ചടങ്ങിന് ഏറെ മാറ്റ് കൂട്ടി എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി സ്മരിച്ചു.
2025ൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന “ കെഎച്ച്എൻഎ വിരാട് 2025“കൺവെൻഷനിൽ പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര മന്ത്രിമാരായ ശ്രീ സുരേഷ് ഗോപി, ശ്രീ ജോർജ് കുര്യൻ,കേരളത്തിൽ നിന്നുള്ള മറ്റു എംപി മാർ, വിശിഷ്ട വ്യക്തികൾ എന്നിവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും കമ്മിറ്റിക്ക് വേണ്ടി ഡോ. നിഷ പിള്ള അറിയിച്ചു.
Discussion about this post