വെള്ളിയാഴ്ച പകൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ ഒരു സാങ്കേതിക തകരാർ നേരിടുകയുണ്ടായി. ഇത് ആഗോള വ്യാപകമായി ലോകമെമ്പാടും വലിയ തടസങ്ങളാണ് സൃഷ്ടിച്ചത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്ക് നൽകിയ അപ്‌ഡേറ്റിലെ ഒരു തകരാറാണ് വെള്ളിയാഴ്ച ആഗോള ഐടി സംവിധാനങ്ങൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് , ബാങ്കിംഗ് മുതൽ എയർലൈനുകൾ വരെയുള്ള വ്യവസായങ്ങൾ ഇതോടു കൂടി അക്ഷരാർത്ഥത്തിൽ നിശ്ചലമായി.
ലോകമെമ്പാടുമുള്ള ബിസിനസ്സുകൾ വലിയ തകർച്ച നേരിട്ടു. ബാങ്കുകൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും അവരുടെ സേവനങ്ങൾ നൽകാനാകാതെ വരുകയും ടിവി ബ്രോഡ്കാസ്റ്റർമാർ ഓഫ്‌ലൈനായി മാറുകയും ചെയ്തു. വിമാനങ്ങൾ നിലത്തിറക്കുകയും സർവീസുകൾ വൈകുകയും ചെയ്തതോടെ വിമാനയാത്രയും സാരമായി ബാധിച്ചു.
മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞുവെങ്കിലും ആഗോളവ്യാപകമായി ഒരു ചോദ്യം ഉയർന്നു വന്നു
ആരാണ് ക്രൗഡ് സ്‌ട്രൈക് ? എങ്ങനെയാണ് ഇത് നമ്മുടെയൊക്കെ കംപ്യൂട്ടറുകളുടെ ഉള്ളിൽ വന്നത് ?
2011-ൽ സ്ഥാപിതമായ ടെക്‌സാസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള ഒരു യുഎസ് സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ്‌സ്ട്രൈക്ക്. സ്ഥാപിതമായിട്ട് അത്രയേ ആയുള്ളൂവെങ്കിലും നിസ്സാരക്കാരല്ല ക്രൗഡ്‌സ്ട്രൈക്ക്. അവരുടെ ഉപഭോക്താക്കളായി ലോകത്തെ ഏറ്റവും സമ്പന്നരായ 298 ഫോർച്യൂൺ 500 കമ്പനികളും , ലോകത്തെ ഏറ്റവും മികച്ച 10 സാമ്പത്തിക സേവന സ്ഥാപനങ്ങളിൽ എട്ട് പേരും , മികച്ച 10 നിർമ്മാണ കമ്പനികളിൽ ഏഴ് എണ്ണവും , മികച്ച 10 ഹെൽത്ത്‌കെയർ സ്ഥാപനങ്ങളിൽ ആറെണ്ണവും ഉൾപ്പെടുന്നു. ഇത് കൂടാതെ മികച്ച 10 ഭക്ഷ്യ കമ്പനികളിൽ എട്ട് കമ്പനികളും ഇവരുടെ ക്ലയന്റുകളാണ്.
അതായത് സൈബർ സെക്യൂരിറ്റി മേഖലയിലെ വമ്പന്മാരാണ് ക്രൗഡ്‌സ്ട്രൈക്ക് എന്ന് ചുരുക്കം.
ഇൻ്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപകരണങ്ങളിൽ സൈബർ പരിരക്ഷകൾ പ്രയോഗിക്കുന്നതിന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ “എൻഡ്‌പോയിൻ്റ് സെക്യൂരിറ്റി” സ്ഥാപനം എന്നാണ് ക്രൗഡ്‌സ്ട്രൈക്ക് അറിയപ്പെടുന്നത്.
മറ്റ് സൈബർ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ബാക്കെൻഡ് സെർവർ സിസ്റ്റങ്ങളിലേക്ക് നേരിട്ട് സംരക്ഷണം നൽകുന്ന സമീപനത്തിൽ നിന്നും ഇത് വ്യത്യസ്തമാണ്, അത് കൊണ്ട് തന്നെയാണ് ക്രൗഡ്‌സ്ട്രൈക്കിന് ഇത്രമാത്രം സ്വീകാര്യത ലഭിച്ചത്.
കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിൽ ഇന്ന് പകൽ സത്യത്തിൽ എന്താണ് സംഭവിച്ചത് ?
സൈബർ ആക്രമണങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയറുകൾക്ക് പതിവായി അപ്‌ഡേറ്റുകൾ ലഭിക്കുക എന്നത് പ്രധാനമാണ് . അത്തരത്തിലൊരു അപ്‌ഡേറ്റുകളിലൊന്ന് കമ്പനി വെള്ളിയാഴ്ച അയച്ചപ്പോൾ, വിൻഡോസ് അധിഷ്‌ഠിത സിസ്റ്റങ്ങളിൽ തടസ്സമുണ്ടാക്കുന്ന ഒരു ബഗ് കോഡിൽ ഉൾപ്പെടുകയുണ്ടായി . ഇതുമൂലം, ദശലക്ഷക്കണക്കിന് വിൻഡോസ് കമ്പ്യൂട്ടറുകൾ ഒരു “ബൂട്ട്ലൂപ്പ്” അനുഭവിക്കാൻ തുടങ്ങി – അതായത് കമ്പ്യൂട്ടറുകൾ ക്രമരഹിതമായി ഓൺ ആവുകയും ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു.
വളരെ ഗുരുതരമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ബ്ലൂ ഡെത്ത് സ്ക്രീൻ കംപ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അതെ സമയം വളരെ പെട്ടെന്ന് തന്നെ പ്രശ്നം കൈകാര്യം ചെയ്തുവെന്ന് ക്രൗഡ്‌സ്ട്രൈക്ക് സിഇഒ ജോർജ്ജ് കുർട്‌സ് പറഞ്ഞു.
ഞങ്ങൾ ഇത് വളരെ വേഗത്തിൽ തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു. കൂടാതെ സിസ്റ്റങ്ങൾ ഓൺലൈനിൽ തിരികെ വരുമ്പോൾ, അവ റീബൂട്ട് ചെയ്യുമ്പോൾ, അവ തിരികെ വരികയും പ്രവർത്തിക്കുകയും ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. സിസ്റ്റം റീബൂട്ട് ചെയ്തിട്ടും പ്രശ്നം പരിഹരിക്കപ്പെടാതെ സാഹചര്യം ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടെന്ന് ക്രൗഡ്‌സ്ട്രൈക്കിനെ സമീപിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
എന്നാൽ വിപണി ഈ സാങ്കേതിക തകരാറിനെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത് സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിന് അവരുടെ വിപണി മൂല്യത്തിന്റെ അഞ്ചിലൊന്ന് ഇതോടു കൂടി നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Discussion about this post