മൺസൂൺ ആരംഭിച്ചതോടെ രാജ്യമൊട്ടാകെ വ്യാപകമഴയാണ് ലഭിക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്. മഴകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ചില സമയങ്ങളിൽ നമ്മുടെ കേരളത്തിലും ഉണ്ടാകുക.
ധാരാളം യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും വിഷമമേറിയ കാലമാണ് മഴക്കാലം. കാരണം മഴയത്ത് പുറത്തിറങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. അത് മാത്രമല്ല അപകട സാദ്ധ്യതയും കൂടുതലാണ്. അതിനാൽ യാത്രകൾ എല്ലാം മാറ്റിവച്ച് വീടിനുള്ളിൽ തന്നെ ചടഞ്ഞിരിക്കുകയായിരിക്കും. എന്നാൽ ഇനി യാത്രാ പ്രേമികൾ മഴയെന്ന് കരുതി വീട്ടിൽ തന്നെ ഇരിക്കേണ്ട. മഴക്കാല യാത്ര മനോഹരമാക്കുന്ന നാല് സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്.
റൊമാന്റിക് സിറ്റി
രാജസ്ഥാനിലെ പ്രധാനവിനോദ സഞ്ചാര മേഖലയാണ് ഉദയ്പൂർ. റൊമാന്റിക് സിറ്റി എന്നാണ് വിനോദ സഞ്ചാരികൾക്കിടയിൽ ഈ സ്ഥലം അറിയപ്പെടുന്നത്. മൺസൂൺകാലമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ചെറുനദികളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും ഇവിടെ നിരവധിയാണ്. ലിറ്റി പാലസ്, ലേക്ക് പാലസ് എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. മൺസൂൺ കാലം ആയതിനാൽ ചൂടും അനുഭവപ്പെടില്ല. തീവണ്ടി മാർഗ്ഗമോ ബസിലോ ഇവിടെ എത്തിച്ചേരാം.
മണാലി
രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മണാലി. ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഇവിടം മഞ്ഞുകാലത്താണ് വിനോദസഞ്ചാരികളെ ആകർഷിക്കാറുള്ളത്. എന്നാൽ മഴക്കാലത്തും മണാലി മനോഹരമായ യാത്ര അനുഭവമാണ് നൽകുക. പിർ പഞ്ചാൽ, ദൗലാധർ മൗണ്ടെയ്ൻസ് എന്നിവ ഏതൊരാളുടെയും മനസ് കീഴടക്കുന്ന കാഴ്ചയാണ്. കാറിലും ബൈക്കിലും ബസിലും ഇവിടെയെത്താം.
ലോണാവാല
മഴക്കാലത്ത് വിനോദസഞ്ചാരത്തിനായി പോകാവുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ ലോണാവാല. മുംബൈയ്ക്ക് അടുത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദൂരയാത്ര മടിയ്ക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച സ്ഥലമാണ് ഇത്. ഗുഹകൾ, നദികൾ, മലനിരകൾ, വെള്ളച്ചാട്ടം എന്നിവ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. പച്ചവിരിച്ച പ്രദേശങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ട്രെയിനിലോ വിമാനത്തിലോ ഇവിടേയ്ക്ക് എത്താം. സ്വന്തം വാഹനങ്ങളിലും ഇവിടേയ്ക്ക് എത്താം.
മൂന്നാർ
കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാർ. എന്നാൽ മഴക്കാലത്ത് ആളുകൾ ഇവിടേയ്ക്ക് പോകുന്നത് കുറവാണ്. മൺസൂൺ കാലത്ത് നമുക്ക് സന്ദർശിക്കാവുന്ന പ്രധാന ടൂറിസ്റ്റ് സ്‌പോട്ടാണ് മൂന്നാർ. നനഞ്ഞ് കുതിർന്ന ചായത്തോട്ടം, പച്ചപ്പ് നിറഞ്ഞ മലനിരകൾ, കോടയിറങ്ങിയ മലനിരകളും ആകാശവും എന്നി വിനോദസഞ്ചാരികളുടെ മനം കവരും. സ്വന്തം വാഹനങ്ങളിലും ബസിലും ആളുകൾക്ക് ഇവിടേയ്ക്ക് വരാം.
Discussion about this post