ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബിലൂടെ തീവണ്ടി സർവ്വീസ് ഉടൻ ആരംഭിക്കും. പലത്തിന് മുകളിലൂടെ നടത്തിയ പരീക്ഷണയോട്ടം വിജയിച്ച പശ്ചാത്തലത്തിലാണ് പതിവ് തീവണ്ടി സർവ്വീസ് ആരംഭിക്കുന്നത്. റിയാസിയിൽ നിന്നും സങ്കൽദനിലേക്കാണ് ആദ്യ സർവ്വീസ്.
സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ ഇതുവഴിയുള്ള സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിൽ ആയിരിക്കും പാലത്തിലൂടെ ട്രെയിൻ സഞ്ചരിക്കുക.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യൻ റെയിൽവേ ചെനാബ് പാലത്തിലൂടെ തീവണ്ടിയുടെ ട്രയൽ റൺ നടത്തിയത്. എട്ട് കോച്ചുകൾ ഉള്ള മെമു ട്രെയിൻ ഉപയോഗിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു പരീക്ഷണം. ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ചെനാബ്.
ഉധംപൂർ- ശ്രീനഗർ- ബരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് ചെനാബ് പാലം നിർമ്മിച്ചിട്ടുള്ളത്. 1,315 മീറ്ററാണ് പാലത്തിന്റെ നീളം. ചെനാബ് നദിയ്ക്ക് കുറുകെ ബക്കലിനെയും കൗരിയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. നദിയിൽ നിന്നും 1,178 അടി ഉയരത്തിലാണ് പാലം. ലോകാത്ഭുതങ്ങളിൽ ഒന്നായ പാരിസിലെ ഈഫിൽ ടവറിനെക്കാൾ 34 അടി ഉയരം അധികമാണ് ചെനാബ് പാലത്തിന്.
120 വർഷക്കാലത്തേക്ക് ഒരു തകരാറും സംഭവിക്കാത്ത രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള കഴിവ് പാലത്തിന് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ്, ഭൂകമ്പം, ഭീകരാക്രമണം എന്നിവ ഉണ്ടായാലും പാലത്തിന് കേടുപാടുകൾ ഉണ്ടാകില്ല. അതിനാൽ പാലം സുരക്ഷിതയാത്ര പ്രധാനം ചെയ്യുന്നു.
Discussion about this post