ബംഗളൂരു : കർണാടകയിലെ കാർവാറിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തിൽ അഗ്നിരക്ഷാ ദൗത്യവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തീ അണയ്ക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ 3 കപ്പലുകൾ വിന്യസിച്ചു. വെള്ളിയാഴ്ച രാത്രിയാണ് എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്ക് കപ്പലിൽ കർണാടക തീരത്തിന് സമീപം വെച്ച് വൻ തീപിടിത്തം ഉണ്ടായത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത് , സുജീത്, സാമ്രാട്ട് എന്നിവയാണ് അഗ്നി രക്ഷാ ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്. അപകടകരമായ അന്താരാഷ്ട്ര നാവിക ചരക്കുകൾ ആണ് തീ പിടിച്ച കപ്പലിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 12 മണിക്കൂറിലേറെയായി തീ അണയ്ക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്.
മുൻഭാഗത്തെ തീ അണച്ചതിനു ശേഷം കനത്ത പുക നിലനിൽക്കുകയും നടുവിൽ വീണ്ടും ആളിക്കത്തുകയും ചെയ്തതാണ് രക്ഷാപ്രവർത്തനം നീണ്ടുപോകാൻ കാരണമായത്. ചരക്ക് കപ്പലിൽ സ്ഫോടനാത്മക സ്വഭാവമുള്ള വസ്തുക്കൾ ഉള്ളതിനാൽ സുരക്ഷയ്ക്കായി ഒരു ഡോർണിയർ എയർക്രാഫ്റ്റും ALH ധ്രുവ് ഹെലികോപ്റ്ററും ഇന്ത്യൻ കോസ്റ്റ് ഗാർഡ് സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ തീപൂർണമായും അണയ്ക്കാൻ കഴിഞ്ഞതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
Discussion about this post