ന്യൂഡൽഹി:ലോക പൈതൃക സമിതിയുടെ 46-ാമത് സെഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് മുതൽ 31 വരെയാണ് യോഗം നടക്കുക. 195 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, മുതിർന്ന നയതന്ത്രജ്ഞർ, പുരാവസ്തു വിദഗ്ധർ, ഗവേഷകർ എന്നിവരടക്കം 2,500-ലധികം പ്രതിനിധികൾ പങ്കെടക്കും.
യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സമിതിയുടെ 45-ാമത് സെഷൻ സൗദി അറേബ്യയിലെ റിയാദിലാണ് നടന്നത്. 2023 നവംബറിൽ യുനസ്‌കോയുടെ 24-ാമത് ജനറൽ അസംബ്ലിയിലെ തെരഞ്ഞെടുപ്പിന് ശേഷം അർജന്റീന, ബെൽജിയം, ബൾഗേറിയ, ഗ്രീസ്, ഭാരതം, ഇറ്റലി, ജമൈക്ക, ജപ്പാൻ, കസാക്കിസ്ഥാൻ, കെനിയ, ലെബനൻ, മെക്സിക്കോ, ഖത്തർ, റിപ്പബ്ലിക് ഓഫ് കൊറിയ, റുവാണ്ട, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, സെനഗൽ, തുർക്കിയെ, ഉക്രൈൻ, വിയറ്റ്നാം, സാംബിയ എന്നിവയാണ് സമിതിയിലെ അംഗങ്ങൾ.
ലോക പൈതൃക കൺവെൻഷന്റെ ചുമതല ഈ കമ്മിറ്റിക്കാണ്. 1972 നവംബർ 16ന് 17-ാം സെഷനിൽ യുനസ്‌കോയുടെ ജനറൽ കോൺഫറൻസ് അംഗീകരിച്ച ലോക സാംസ്‌കാരിക പ്രകൃതി പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട കൺവെൻഷന്റെ കീഴിലാണ് ഇത് സ്ഥാപിതമായത്. ഭാരതത്തിൽ യുനസ്‌കോയുടെ 42 ലോക പൈതൃക സ്ഥലങ്ങളുണ്ട്.
Discussion about this post