ശ്രീനഗർ: കാർഗിൽ വിജയ സ്മരണയിൽ രാജ്യം. കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം വരിച്ച 25-ാം വാർഷികത്തിൽ ധീരജവാന്മാരെ ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാർ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഓരോ സൈനികന്റെയും ത്യാഗം എന്നും സ്മരിക്കുന്നതാണ്. ഓരോ സൈനികന്റെയും ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു. കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല, സത്യത്തിന്റെ വിജയം കൂടിയാണ്. കാർഗിലിലേത് യുദ്ധ വിജയം മാത്രമല്ല, പാകിസ്ഥാൻ ചതിയ്‌ക്കെതിരായ ജയം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ ഒരിക്കലും ജയം കൈവരിക്കില്ലെന്നും നിങ്ങളുടെ പദ്ധതികൾ ഒന്നും നടക്കില്ലെന്നും പ്രധാനമന്ത്രി പാകിസ്താന് മുന്നറിയിപ്പ് നൽകി.
ലഡാക്കും ജമ്മു കശ്മീരും വികസനത്തിന്റെ പാതയിലാണ്. കശ്മീർ പുതിയ യുഗം സ്വപ്‌നം കാണുകയാണ്. പുതിയ ഭാവിയെ കുറിച്ചും പുതിയ സ്വപ്‌നങ്ങളെ കുറിച്ചുമാണ് കശ്മീർ ഇപ്പോൾ സംസാരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം, ലഡാക്കിലെയും ജമ്മു കശ്മീരിലെയും ടൂറിസം മേഖലയും അതിവേഗം വളരുകയാണ്. ഭൂമിയിലെ സ്വർഗം സമാധാനത്തിലേയ്ക്കും ഐക്യത്തിലേയ്ക്കും അതിവേഗം നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post