വിയന്റ്യാൻ : ലാവോസിന്റെ തലസ്ഥാനം ആയ വിയന്റ്യാനിൽ നടന്ന 31-ാമത് ആസിയാൻ റീജിയണൽ ഫോറത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. ആസിയാൻ ഐക്യത്തിനും കേന്ദ്രീകരണത്തിനും ഇന്ത്യയുടെ ശക്തമായ പിന്തുണ യോഗത്തിൽ ജയശങ്കർ വാഗ്ദാനം ചെയ്തു.
സൈബർ കുറ്റകൃത്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും ഭീകര സങ്കേതങ്ങളും യുഎൻ നിരോധിത തീവ്രവാദ ധനസഹായ ശൃംഖലകളും തകർക്കാനും അദ്ദേഹം ആസിയാൻ ഫോറത്തിൽ ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെ തർക്കങ്ങളിൽ സമാധാനപരമായ പരിഹാരത്തിന് പ്രാധാന്യം നൽകണമെന്നും ആസിയാൻ ഫോറത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
സാമ്പത്തികവും രാഷ്ട്രീയവും സാങ്കേതികവും കണക്റ്റിവിറ്റിയുമായ സഹകരണത്തിലൂടെ മാത്രമേ പരിഹാരങ്ങൾ ഉണ്ടാകൂ എന്ന് യോഗത്തിനുശേഷം എസ് ജയശങ്കർ തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ആസിയാൻ ഫോറത്തിൻ്റെ ഭാഗമായി ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനായി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഉൾപ്പെടെ വിവിധ വിദേശകാര്യ മന്ത്രിമാരുമായി ജയശങ്കർ ഉഭയകക്ഷി യോഗങ്ങൾ നടത്തി. ലാവോസ് പ്രധാനമന്ത്രിയുമായും കംബോഡിയ, തായ്‌ലൻഡ് വിദേശകാര്യ മന്ത്രിമാരുമായും എസ് ജയശങ്കർ ചർച്ച നടത്തി.
Discussion about this post