ലഖ്‌നൗ : ജമ്മുകശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 50 ലക്ഷം രൂപയും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകുമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബദൗൺ ജില്ലയിലെ ഒരു റോഡിന് സൈനികന്റെ പേര് നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
ഉത്തർപ്രദേശിലെ ബദൗൺ സ്വദേശിയായ റൈഫിൾമാൻ മോഹിത് റാത്തോർ (27) ആണ് കുപ്വാരയിൽ പാകിസ്താൻ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നത്. സൈനികന്റെ കുടുംബത്തിനെ അനുശോചനങ്ങൾ അറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വാഗ്ദാനം ചെയ്തു.
കുപ്വാരയിലെ കമകാരി സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്താൻ ഭീകരർ എൽഒസി യിൽ നുഴഞ്ഞുകയറി ഇന്ത്യൻ സൈനികരുടെ ഫോർവേഡ് പോസ്റ്റിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും പാകിസ്താൻ ഭീകരനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സൈനികൻ മോഹിത് റാത്തോറിന്റെ സംസ്കാരം ഞായറാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഉത്തർപ്രദേശിൽ വച്ച് നടന്നു.
Discussion about this post