വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം
കൽപ്പറ്റ: വൻ ദുരന്തം സംഭവിച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താനാണ് നീക്കമെന്ന് മന്ത്രി കെ രാജൻ.എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും. എരിയൽ വ്യൂ ലഭ്യമാക്കി, എയർ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതേയുള്ളൂ.
പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post