വയനാട്: മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ഉയർന്നു. ഇതുവരെ 225 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. മരിച്ചവരിൽ 32 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനാൽ മരണ സംഖ്യ ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. പ്രദേശത്ത് കുടുങ്ങിയ മുഴുവൻ പേരെയും രക്ഷിച്ചതായാണ് വിവരം.
240 പേരെ ഇനിയും കാണാനുണ്ടെന്നാണ് വിവരം. ഇവർ എവിടെയെന്നാണ് ഇപ്പോൾ തിരയുന്നത്. 195 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കണ്ടെത്തിയവരിൽ 147 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 52 മൃതദേഹ അവശിഷ്ടങ്ങൾ ആണ് ലഭിച്ചത്. ഇവയിൽ 42 എണ്ണത്തിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
കാലാവസ്ഥ അനുകൂലമാണെങ്കിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരാനാണ് തീരുമാനം. സൈന്യം താത്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് രാത്രിയും തുടരും.
അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്. അതിനാൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കണം എന്ന് വയനാട് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ ഭാഗത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം എന്നും ജില്ലാ കളക്ടർ അറിയിച്ചു.
Discussion about this post