വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
കരസേനയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് . മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.
ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാലാണ് പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസം വരുന്നത് . ഇത് കാരണമാണ് പാലത്തിൻ്റെ പണി അല്പം വൈകുന്നത് .
ഈ സാഹചര്യത്തിൽ, പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടു കൂടി പാലം മുണ്ടക്കൈ ഭാഗത്തേക്ക് സൈന്യം എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടു കൂടെ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാകും . തുടർന്ന് വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാകും
Discussion about this post