കോഴിക്കോട്: തീരാനോവായി വയനാടിനൊപ്പം കോഴിക്കോടും. ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിൽ നിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായി ആണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും 200 മീറ്റർ അകലെ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെ ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടി വരുന്നതിന്റെ ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയ മാത്യുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് ജില്ലയിലെ വിവിധ മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണയാണ് ഉരുൾപൊട്ടലുണ്ടായത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകിവരുകയായിരുന്നു. തീരത്തെ 12 വീടുകളാണ് ഒലിച്ചുപോയത്. പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി.
Discussion about this post