പാലക്കാട്: ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നേക്കും. ജില്ലയിൽ ശക്തമായ മഴ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ പരമാവധി സംഭരണശേഷിയിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്.
112.33 മീറ്ററിന് അടുത്താണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഇതോടെ അണക്കെട്ടിലെ ജലം 163.1239 ക്യുബിക് മീറ്ററായി വർദ്ധിച്ചു. 175.98 ക്യുബിക് മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അതിനാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയും. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ആയിരിക്കും തുറക്കുക. അങ്ങിനെ ചെയ്താൽ ജലം കൽപ്പാത്തി പുഴ വഴി ഭാരതപുഴയിലാണ് എത്തിച്ചേരുക. അതിനാൽ ഈ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post