തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നൽകി. സംഭവ കാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ യുണീറ്റ് സെക്രട്ടറിയായിരുന്ന സാക്ഷി, മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകുകയായിരുന്നു.
പോലിസിന് ഇയാൾ നേരത്തെ നൽകിയ മൊഴി ഇയാൾ കോടതിയിൽ നിഷേധിച്ചതിനെ തുടർന്ന് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തി.
എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് സമ്മതിച്ച സാക്ഷി, കണ്ണുരിൽ സച്ചിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കാരല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്.
താൻ നിലവിൽ ഡിവൈഎഫ്‌ഐ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന് മൊഴി കൊടുത്ത ഇയാൾ, വിശാൽ കേസിലെ ഒന്നാം പ്രതിയായ കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ നൈസാം, കോളേജിൽ ആദ്യവർഷത്തിൽ എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്നതായി സമ്മതിച്ചു. വിശാലിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കരാണെന്ന് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അറിവില്ല എന്നും കേസിലെ പ്രതികളായ നൈസാം, ആസിഫ് തുടങ്ങിയവർ കോളേജിലെ കാമ്പസ് ഫ്രണ്ട്കാരാണെന്നും സാക്ഷി കോടതിയിൽ പറഞ്ഞു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
Discussion about this post