പാരിസ് : 2024 പാരിസ് ഒളിമ്പിക്സിന്റെ ഷെഫ് ദ മിഷൻ ആയ ഗഗൻ നരംഗ് ഏറെ വികാരഭരിതനായി കാണപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യയുടെ മുൻ ഷൂട്ടിംഗ് താരമായ ഗഗൻ നരംഗിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ മത്സരങ്ങളിൽ ഒന്നിലാണ് ഇന്ത്യ ഇന്ന് വെങ്കല മെഡൽ നേടിയിരിക്കുന്നത്. സന്തോഷത്താൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സ്വപ്‌നിലിന്റെ വിജയം ഗഗൻ നരംഗ് കണ്ടുനിന്നത്.
ഷൂട്ടിങ്ങിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വിഭാഗവും എന്നാൽ ഒട്ടും ജനപ്രിയമല്ലാത്ത വിഭാഗവും ആയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് അറിയപ്പെടുന്നത്. ഇന്ന് സ്വപ്നിൽ മെഡൽ നേടിയ അതേ വിഭാഗത്തിൽ 1998-ൽ ലോക ചാമ്പ്യൻഷിപ്പിന് താൻ യോഗ്യത നേടിയിരുന്നതായി ഗഗൻ നരംഗ് അറിയിച്ചു. എന്നാൽ ഈ ഇവൻ്റ് പ്രധാനമല്ലെന്നാണ് അന്ന് എന്നോട് പറഞ്ഞത്. ജനപ്രിയമല്ലാത്ത മത്സര ഇനം ആയതിനാൽ ഞങ്ങൾ ടീമിനെ അയയ്‌ക്കില്ല എന്നാണ് അന്ന് ഐ കെ ഗുജ്റാൾ നേതൃത്വം നൽകിയിരുന്ന കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഇന്ന് അതേ ഇനത്തിൽ ഇന്ത്യ ഒരു മെഡൽ നേടുമ്പോൾ തനിക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ഗഗൻ നരംഗ് അറിയിച്ചു.
റൈഫിൾ 3-പൊസിഷൻ ഇവൻ്റ് ഷൂട്ടിംഗിലെ ഏറ്റവും പ്രയാസമേറിയ വിഭാഗമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ഷൂട്ടർമാർ വിജയികളായി മാറുന്നതിന് മുട്ടുകുത്തൽ, ചായ്‌വ്, നിൽക്കൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പൊസിഷനുകളിൽ സ്ഥിരത നിലനിർത്തേണ്ടതുണ്ട്. ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ നാഴികക്കല്ലായ നിമിഷമായതിനാൽ സ്വപ്‌നിലിൻ്റെ ചരിത്രപരമായ വെങ്കല മെഡൽ സ്വർണ്ണത്തേക്കാൾ വലുതാണെന്നാണ് ഗഗൻ നരംഗ് വ്യക്തമാക്കിയത്.
Discussion about this post