ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്താനായി ഇസ്രായേൽ ഇറാനിയൻ ഏജന്റു മാരെ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ തലവനെ കൊലപ്പെടുത്തിയത് എന്നാണ് ഇറാൻ ഇന്ന് വ്യക്തമാക്കിയത്. ടെഹ്‌റാനിൽ വെച്ച് 7 കിലോഗ്രാം ഭാരമുള്ള ഒരു ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 31ന് ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ മൂന്ന് മുറികളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ഇറാനിയൻ ഏജൻ്റുമാരെ നിയമിച്ചതായി നേരത്തെ ചില റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഈ റിപ്പോർട്ടുകൾ തള്ളി.
ഇറാനിയൻ ഏജന്റുമാരെ ഉപയോഗിച്ചാണ് ഇസ്രായേൽ ഇസ്മായിൽ ഹനിയയുടെ കൊലപാതകം നടത്തിയതെന്ന്
യുകെ ആസ്ഥാനമായുള്ള ദ ടെലിഗ്രാഫ് പത്രം ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ മൂന്ന് മുറികളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ഇസ്രായേൽ ഇറാനിലുള്ള ഏജൻ്റുമാരെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാര ചടങ്ങിൽ ഹമാസ് തലവൻ പങ്കെടുത്തപ്പോഴാണ് ഈ പദ്ധതി തയ്യാറാക്കിയത്. പിന്നീട് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായി ഇസ്മായിൽ ഹനിയ ഇറാനിൽ എത്തിയ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുകയായിരുന്നു എന്നുമാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നത്.
Discussion about this post