കൊച്ചി; യാത്രക്കാരന്റെ ഒരു തമാശ കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഫ്‌ളൈറ്റ് വൈകിയത് രണ്ടുമണിക്കൂർ. ലഗേജിൽ ബോംബുണ്ടെന്ന തമാശയാണ് നിരവധി പേരുടെ യാത്ര വൈകിപ്പിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമാശ പറഞ്ഞതിനും യാത്ര തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾക്കെതിരെ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്‌ലാന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്ത് തമാശയ്ക്ക് പറഞ്ഞതാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഏറെ നേരം ബുദ്ധിമുട്ടിച്ചത്. പ്രശാന്തും ഭാര്യയും മകനും ഉൾപ്പെടെ മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചപ്പോൾ പ്രശാന്തിന് ഇഷ്ടമായില്ല. ഇതിൽ ബോംബാണെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ഒരേ മറുപടി ആവർത്തിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവം റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്. പരിശോധനയ്ക്കു ശേഷം വിമാനം യാത്ര പുറപ്പെട്ടെങ്കിലും പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടർന്നില്ല.
എയർലൈനുകൾക്കും വിമാനത്താവളങ്ങൾക്കും എതിരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്ന കേസുകളിൽ പ്രതിയാകുന്നവർക്ക് അഞ്ച് വർഷം വരെ യാത്ര വിലക്ക് ഏർപ്പെടുത്തുമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്) വ്യക്തമാക്കുന്നത്.
Discussion about this post