പത്തനംതിട്ട : യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ മുൻ അധിപൻ ആയിരുന്ന ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. വെർച്വൽ അറസ്റ്റിൽ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ബിഷപ്പിനെ തട്ടിപ്പിന് ഇരയാക്കിയത്. ഈ ഓൺലൈൻ തട്ടിപ്പിൽ 15 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഗീവർഗീസ് മാർ കൂറിലോസ് പരാതി നൽകിയിട്ടുള്ളത്.
ബിഷപ്പിന്റെ പരാതിയെ തുടർന്ന് പത്തനംതിട്ട കീഴായിവൂർ പോലീസ് കേസെടുത്തു. പരാതിയിൽ സൂചിപ്പിക്കുന്നത് പ്രകാരം മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണ് ബന്ധപ്പെടുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയത്. വീഡിയോ കോൾ ചെയ്ത സംഘം ബിഷപ്പ് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
മുംബൈയിൽ ബിഷപ്പിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണം ഇടപാട് നടന്നെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. തുടർന്ന് ഇവർ ആവശ്യപ്പെട്ട പണം ബിഷപ്പ് അയച്ചു നൽകുകയായിരുന്നു. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നുമായി 15 ലക്ഷത്തിലേറെ രൂപ തട്ടിപ്പ് സംഘത്തിന് അയച്ചു നൽകിയതായി ബിഷപ്പിന്റെ പരാതിയിൽ പറയുന്നു.
Discussion about this post