ഹിന്ദുവിശ്വാസത്തിൽ തേങ്ങയ്ക്ക് വിശേഷപ്പെട്ട സ്ഥാനമാണ് ഉള്ളത്. പല ആചാര അനുഷ്ഠാനങ്ങളുടെയും ഭാഗമാണ് തേങ്ങ അഥവാ നാളികേരം.തേങ്ങയെ ഒരു ത്രിത്വ ശക്തിയായാണ് കണക്കാക്കുന്നത്. അതായത് ത്രിമൂർത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ എന്നിവരെ പ്രതീകപ്പെടുത്തുന്നാണ് നാളികേരം. ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകൻ), മഹേശ്വരൻ (സംഹാരകൻ) എന്നിവരെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ നാളികേരം പൂജാദ്രവ്യമായി കരുതിയാണ് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ഇതിലൂടെ ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. ക്ഷേത്രങ്ങളിൽ തേങ്ങ ഉടയ്ക്കുന്നത് ഭാരതത്തിൽ അങ്ങോളമിങ്ങളോമുള്ള പല ക്ഷേത്രങ്ങളും പിന്തുടർന്ന് പോരുന്ന ആചാരമാണ്. ഉത്സവം,കല്യാണം,പൂജ,എന്തിനേറെ പറയുന്നു പുതിയ വാഹനം വാങ്ങിയാൽ പോലും തേങ്ങ ഉടയ്ക്കുന്നു.ഗണപതിഭഗവാന് നാളികേരം ഉടക്കുന്നത് വിഘ്നങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഒരു വഴിപാടായാണ് കണക്കാക്കുന്നത്.
വേദാന്ത പ്രകാരം നാളികേരത്തെ മനുഷ്യ ശരീരവുമായിട്ടാണ് ഉപമിക്കുന്നത്.നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തത്തിൽ പറയുന്നത്. നാളികേരമുടക്കുമ്പോൾ മായയെ ഉടച്ചു കളഞ്ഞ് അതിന്റെ സത്യത്തെ എടുക്കുന്നു എന്നാണ് കാണുന്നത്. അതായത് ഭഗവാന് നാളികേരമുടക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ സമർപ്പിക്കുകയാണ എന്നാണ് വിശ്വാസം. നാളികേരമുടയുമ്പോൾ മനുഷ്യന്റെ ഞാൻ എന്ന ഭാവം കൂടിയാണ് ഉടഞ്ഞു പോകുന്നത്.
തേങ്ങ ഉടച്ച് കിട്ടുന്ന ഫലം നെടുകേ നടുവിലായാണ് പൊട്ടി വന്നതെങ്കിൽ ഇവർ ആഗ്രഹിക്കുന്ന ഫലം ഇവർക്ക് ലഭിക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ മുകൾ ഭാഗമാണ് ഉടഞ്ഞതെങ്കിൽ കുടുംബ നാഥന് പ്രശ്നങ്ങൾ ഉണ്ടാവും എന്നുമാണ് സൂചിപ്പിക്കുന്നത്.ഉടയ്ക്കുന്നതിനിടയിൽ തേങ്ങ പകുതിയായി മുറിഞ്ഞു വീഴുകയോ മുഴുവനായി താഴെ വീഴുകയോ ചെയ്താൽ അധ:തനവും അശുഭ സൂചനയുമാണ്. തേങ്ങയുടെ വക്കുകൾ ഒടിഞ്ഞാൽ ഉദരരോഗം വരുമത്രേ.
ഇന്ത്യയിൽ വിവാഹ ചടങ്ങുകളിൽ തേങ്ങ ഉപയോഗിക്കുന്നു. താലത്തിൽ വച്ചിരിക്കുന്ന തേങ്ങ ഗർഭപാത്രത്തിന്റെ പ്രതീകമാണ്. ഇത് ജീവിതത്തിന്റെ പ്രതീകമായതിനാൽ, ഗർഭിണികളായ സ്ത്രീകൾ തേങ്ങ പൊട്ടിക്കരുതെന്ന് പറയപ്പെടുന്നു.
കണ്ണേറ് ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങാ ഉഴിഞ്ഞ് ഉടയ്ക്കുന്നു. നിങ്ങൾക്ക് രാഹുവിന്റെ ദോഷമുണ്ടെങ്കിൽ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്കു സമീപം വച്ച് കിടന്നുറങ്ങുക. പിറ്റേന്നു രാവിലെ ഇത് ഗണപതിയ്ക്കു സമർപ്പിയ്ക്കാം. ശനിദോഷമകറ്റാൻ തേങ്ങാമുറിയിൽ എള്ളുതിരി കത്തിയ്ക്കുന്നത് പതിവാണ്.
Discussion about this post