ലോകം ചിന്തിച്ചുതുടങ്ങുന്നയിടത്ത് അതിനെ കവയ്ക്കുന്ന പുതിയ ടെക്‌നോളജി ഇറക്കുന്ന നാട്… സുനാമിയും ഭൂകമ്പവും ചുഴലിക്കാറ്റും ആർത്തലച്ച് വന്നാലും പോടാ പുല്ലേയെന്ന് പുച്ഛിക്കുന്ന രാജ്യം. ഉദയസൂര്യന്റെ നാടായ ജപ്പാൻ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ സ്വപ്‌ന ഡെസ്റ്റിനേഷൻ തന്നെയാണ്. ആധുനികതയും പഴമയും പരസ്പരം കലരാതെ രണ്ട് കൈവഴികളായി ഒഴുകുന്ന ഈ നാട്ടിൽ അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല… പൗരാണികമായ ക്ഷേത്രങ്ങളും സന്ദർശകരുടെ മനംകവരുന്നു.
ജപ്പാൻ സന്ദർശിക്കുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ക്ഷേത്രമാണ് വിവാഹമോചന ക്ഷേത്രം…പേര് കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കുമെങ്കിലും ജപ്പാനിൽ എല്ലാദിവസവും പൂരത്തിനുള്ള ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണിത്. ഏഴ് നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രം ദ ഡിവോഴ്‌സ് ടെംപിൾ അഥവാ വിവാഹമോചിതരുടെ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. മറ്റ്‌സുഗോക ടോകെജി എന്നാണ് യഥാർത്ഥ നാമം.
1285ൽ ബുദ്ധ സന്യാസിനി കക്കൂസ ൻ ഷിദ്-നി കാമകുരയാണ് നഗരത്തിൽ മാറ്റ്സുഗോക ടോകെജി ക്ഷേത്രം പണിതത്. അന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്ത്രീകൾക്ക് ഭർത്താക്കൻമാരിൽ നിന്നും കടുത്ത ഗാർഹികപീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഭർത്താക്കൻമാരെ ഉപേക്ഷിക്കാനുള്ള നിയമപരമായ അവകാശങ്ങളൊന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. വിവാഹമോചനം ജപ്പാനിൽ അന്ന് അത്ര പരിചിതമല്ലാത്ത വാക്കായിരുന്നു. ഈ ക്ഷേത്രം ആരംഭിച്ചതിന് ശേഷം ഭർത്താക്കന്മാരാൽ ഗാർഹിക പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ അഭയ കേന്ദ്രമായി മാറി.
താമസിയാതെ തന്നെ അഭയം പ്രാപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. സ്ത്രീകളുടെ സുരക്ഷിത താവളമായി ഇത് മാറി. മോശം ദാമ്പത്യ ജീവിതത്തിൽ നിന്ന് സംരക്ഷണവും സ്വാതന്ത്ര്യവും സ്ത്രീകൾ ഇവിടെ എത്തി കണ്ടെത്താൻ തുടങ്ങി. ഭർത്താക്കന്മാരെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇവിടെ എത്തുന്നത് കൂടിയതോടെ ഔദ്യോഗിക വിവാഹമോചന സർട്ടിഫിക്കറ്റ് നൽകാനുള്ള ഒരു പ്രവർത്തനം ക്ഷേത്രം ആരംഭിച്ചു. ഇത്തരത്തിലുള്ള വിവാഹമോചന സർട്ടിഫിക്കറ്റുകളെ സുഇഫുകു-ജി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിയമപരമായി വേർപെടുത്താൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിച്ചു. പൊതു സമൂഹത്തിലെ ആർക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക് ഈ ബുദ്ധ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല എന്നതും ഇവിടെയുള്ളവർക്ക് മറ്റൊരു ആശ്വാസമായിരുന്നു.
തുടർന്ന് ആളുകൾ ഈ ക്ഷേത്രത്തെ – ബന്ധം വിച്ഛേദിക്കുന്ന ക്ഷേത്രം, ഓടിപ്പോയ സ്ത്രീകൾക്കുള്ള ക്ഷേത്രം അല്ലെങ്കിൽ വിവാഹമോചന ക്ഷേത്രം എന്നിങ്ങനെയുള്ള അർത്ഥത്തിൽ ജാപ്പനീസി ഭാഷയിൽ കകെകോമി-ദേര എന്ന് വിളിക്കാൻ തുടങ്ങി.ഇന്നത്തെ കാലത്ത് വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ക്ഷേത്രം പരിഗണിക്കുന്നില്ലെങ്കിലും, പഴയ കാലഘട്ടത്തിലെ സ്ത്രീകളുടെ ഹൃദയഭേദകമായ കഥകളുടെ ഓർമ്മപ്പെടുത്തലാണ് ഈ ബുദ്ധക്ഷേത്രം.
Discussion about this post