ന്യൂഡൽഹി : നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ കപ്പലും രണ്ട് യുഎസ് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് ഏകദേശം 52 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കുടുങ്ങിയ യുഎസ് കപ്പലായ ‘സീ ഏഞ്ചലി’ലെ ജീവനക്കാരായ യുഎസ് സ്വദേശികളെ ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. യു എസ് പതാകയേന്തിയ കപ്പൽ നിക്കോബാർ തീരത്ത് കുടുങ്ങിയതായും രക്ഷിക്കണമെന്നും ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് അഭ്യർത്ഥിച്ചത് പ്രകാരമാണ് കോസ്റ്റ് ഗാർഡ് ദൗത്യം നടത്തിയത്.
കപ്പലിന്റെ പ്രൊപ്പല്ലർ പായലുകൾക്കിടയിൽ കുടുങ്ങിപ്പോയതോടെയാണ് അമേരിക്കൻ സ്വദേശികൾ നിക്കോബാർ തീരത്തിന് സമീപം പെട്ടുപോയത്. ദുരന്ത മുന്നറിയിപ്പ് ലഭിച്ചയുടനെ, എംആർസിസി പോർട്ട് ബ്ലെയർ സമീപത്തുള്ള എല്ലാ വ്യാപാര കപ്പലുകളെയും അറിയിക്കുകയും രക്ഷാപ്രവർത്തന ഏകോപന പ്രോട്ടോക്കോളുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെ കപ്പലായ രാജ് വീർ വിന്യസിച്ചു.
കനത്ത കാറ്റും അമേരിക്കൻ കപ്പലിന് മെക്കാനിക്കൽ തകരാറും ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിൽ കോസ്റ്റ് ഗാർഡിന് വെല്ലുവിളിയായിരുന്നു. എങ്കിലും ജീവനക്കാർ സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ജൂലൈ 11 ന് രാവിലെ യു എസ് കപ്പൽ കെട്ടിവലിച്ച് കാംബെൽ ബേ തുറമുഖത്തേക്ക് കൊണ്ടുപോയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
Discussion about this post