വയനാട്: അമ്പലവയലിലും അനുബന്ധ പ്രദേശങ്ങളിലും ഭൂമിയ്ക്കടിയിൽ നിന്നും മുഴക്കം ഉണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജിക്കൽ വകുപ്പ്. ഉണ്ടായത് ഭൂചലനമല്ലെന്ന് ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വകുപ്പ് ജില്ലാ കളക്ടർക്ക് നൽകി.
മുഴക്കം കേട്ടതിന് പിന്നാലെ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കിണറുകളിലോ തോടുകളിലോ വെള്ളം കലങ്ങിയതായി കണ്ടെത്തിയിട്ടില്ല. വെള്ളത്തിന്റെ പുതിയ ഉറവ രൂപപ്പെട്ടിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അമ്പലവയൽ , നെന്മേനി എന്നീ പഞ്ചായത്തുകളിലും അനുബന്ധ മേഖലകളിലും മുഴക്കം അനുഭവപ്പെട്ടത്.
ഭൂചലനം ആണ് ഉണ്ടായത് എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഭൂചലനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയതോടെ ആളുകൾ ആശങ്കയിലായി. ഉരുൾപൊട്ടൽ സമയത്ത് പാറക്കൂട്ടങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ഇത് കൂടുതൽ ചരിഞ്ഞതോടെയുണ്ടായക പ്രകമ്പനം ആകാം അനുഭവപ്പെട്ടത് എന്നാണ് നിഗമനം.
Discussion about this post