കൊച്ചി; പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ നിരപരാധികളായ യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം. സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബന്ധുക്കളായ യുവാക്കൾക്കെതിരെ പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ട് യുവാക്കൾക്കും ജാമ്യം അനുവദിച്ചു. ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസുള്ള യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും ജസ്റ്റിസ് ഉത്തരവിട്ടു.
എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു. യുവാക്കളിൽ ഒരാൾ 2017ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കഴിഞ്ഞ മേയ് 30ന് യുവാക്കൾ അറസ്റ്റിലായി. പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതോടെ കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്നും കോടതി പറഞ്ഞു.
Discussion about this post