മലയാള മണ്ണിലേക്കും ഓരോ കുടുംബങ്ങളിലേക്കും സമൃദ്ധിയെയും ഐശ്വര്യത്തെയും വരവേൽക്കുന്ന നിറപുത്തരി മഹോത്സവത്തിന് ഒരുങ്ങുകയാണ് കേരളം. ഈ വർഷം ഓഗസ്റ്റ് 12നാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിനായി കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 12ആം തീയതി തിങ്കളാഴ്ച പുലർച്ചെ 5:45 നും 6:30 നും ഇടയിലാണ് ക്ഷേത്രങ്ങളിൽ നിറപുത്തരി പൂജ നടക്കുക.
കേരളത്തിലെ ഒട്ടുമിക്ക എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും. ശബരിമല, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേകപൂജകളോടെയാണ് നിറപുത്തരി മഹോത്സവ ചടങ്ങുകൾ നടക്കുക. ഓരോ വർഷവും നാടിന് കാർഷിക സമൃദ്ധി നേടുന്നതിനാണ് നിറപുത്തരി പൂജകൾ നടത്തുന്നത്.
കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന നിറപുത്തരി മഹോത്സവത്തിൽ ക്ഷേത്രങ്ങളിൽ നെൽക്കതിരുകൾ പൂജിക്കും. ഓരോ വർഷവും വയലുകളിൽ വിളയുന്ന നെൽക്കതിരുകളിലെ ആദ്യ ഭാഗമാണ് നിറപുത്തരി ദിനത്തിൽ ക്ഷേത്രങ്ങളിൽ പൂജയ്ക്കായി എടുക്കുക. തുടർന്ന് പൂജിച്ച നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. ഇങ്ങനെ ക്ഷേത്രങ്ങളിൽ നിന്നും ഏറ്റുവാങ്ങുന്ന പൂജിച്ച നെൽക്കതിരുകൾ വീടുകളുടെ പ്രധാന വാതിലിന് അരികിലായി തൂക്കിയിടുന്നതാണ്. ഐശ്വര്യത്തെയും സമൃദ്ധിയെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഓരോ കർഷകനും നല്ല വിളവ് ലഭിക്കാനും നാട് സമൃദ്ധമായിരിക്കാനും വേണ്ടിയുള്ള പ്രാർത്ഥനകളാണ് നിറപുത്തരിനാളിൽ നടക്കുന്നത്. കർഷകർ വിളവെടുത്ത നെല്ലിന്റെ ആദ്യ വിഹിതം അടുത്തുള്ള ക്ഷേത്രങ്ങളിലെ ദേവതയ്ക്ക് സമർപ്പിക്കും. വിവിധ ആചാര അനുഷ്ഠാനങ്ങളോടെയാണ് ഇങ്ങനെ ആദ്യമായി വിളവെടുക്കുന്ന നെൽക്കറ്റകൾ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുന്നത്. തുടർന്ന് ഇവ ശുദ്ധമാക്കിയ ശേഷം ശ്രീകോവിലിനുള്ളിൽ പൂജിക്കുന്നതായിരിക്കും. ആദ്യമായി കൊയ്തെടുത്ത നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ചുള്ള പായസവും ഈ ദിവസത്തിൽ ക്ഷേത്രങ്ങളിൽ ഉണ്ടാക്കുന്നതാണ്.
Discussion about this post