ഓറഞ്ച് കഴിക്കാൻ നമുക്കേറെ ഇഷ്ടമാണല്ലേ..ചൂടുകാലത്ത് ഓറഞ്ച് കഴിക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ വയ്യ. ഏത് കാലാവസ്ഥയിലും കഴിക്കാവുന്ന ഓറഞ്ചിന്റെ ഗുണഗണങ്ങളോ അനവധി. ശരീരത്തിനും ചർമ്മത്തിനും ഏറെ ഉപകാരി. ഓറഞ്ച് കഴിച്ചുകഴിഞ്ഞാല് അതിന്റെ തൊലി എന്ത് ചെയ്യും ? എന്ത് ചെയ്യാൻ വലിച്ചെറിയും അല്ലേ…? എന്നാൽ ആ പതിവ് മാറ്റി ഓറഞ്ച് തൊലി സൂക്ഷിച്ചു ഉണക്കി പൊടിച്ച് നോക്കൂ ചർമ്മത്തിനും ഉപയോഗിക്കാം വീട്ടിലെ കീടങ്ങളെയും തുരത്താം.
അത് എങ്ങനെയാണന്നല്ലേ?ചർമ്മത്തിന് ഗുണകരമാകുന്ന നിരവധി ഘടകങ്ങൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിട്ടുണ്ട്. തിളങ്ങുന്ന ചർമ്മം നേടാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണിത്.വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മിക്കവാറും എല്ലാ ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലും ഓറഞ്ച് ഒരു പ്രധാന ചേരുവ ആയിരിക്കും. ഇത് മാലിന്യങ്ങൾ നീക്കം ചെയ്ത് ചർമ്മത്തെ ശുദ്ധമാക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണങ്ങൾ കൂടി ഇതിന് ഉള്ളതിനാൽ മുഖക്കുരു വരാതിരിക്കാനും സഹായിക്കും. ഫേസ്പാക്കുകളിൽ ഓറഞ്ച് തൊലി പൊടിച്ചത് ചേർത്ത് ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വെറുതെ വെള്ളത്തിലോ പാലിലോ തേനിലോ പനിനീരിലോ മിക്‌സ് ചെയ്തും ഉപയോഗിക്കാം.
ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ മികച്ച വളവും കീടനാശിനിയുമാക്കിയാൽ പച്ചക്കറികൾ തഴച്ചുവളരും. ഓറഞ്ച് തൊലിയിൽ നിന്നുണ്ടാക്കുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകൾ, ഈച്ച, മുഞ്ഞ, പ്രാണികൾ എന്നിവക്കെതിരെ പ്രവർത്തിക്കുന്നു. കൂടാതെ, ഇവ ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. അതായത്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം, മഗ്‌നീഷ്യം, കോപ്പർ, സൾഫർ എന്നിവയെല്ലാം ഓറഞ്ചിന്റെ തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്നു. ഇവ വളർച്ചയെ പരിപോഷിപ്പിക്കുന്നു. ഓറഞ്ചിന്റെ തൊലി ഒരേ സമയം കീടനാശിനിയും വളർച്ചക്കുള്ള വളവുമാണ്
ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഇടുക. തൊലികൾ മുങ്ങുന്ന പാകത്തിന് വെള്ളം വേണം. രണ്ട് മൂന്ന് ദിവസത്തിനുശേഷം ഈ തൊലികളെടുത്ത് ആ വെളളത്തിലേക്ക് തന്നെ പിഴിഞ്ഞെടുക്കുക. ഇത് മികച്ച ജൈവവളമാണ്. ചെടികളുടെ ഇലകളിലും ചുവട്ടിലും തണ്ടിലുമെല്ലാം നേരിട്ട് തളിച്ചു കൊടുക്കാം. ലായനിക്ക് കട്ടി കൂടുതലാണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് നേർപ്പിക്കുന്നത് നല്ലതാണ്.
തൊലി വെളളത്തിലിട്ട് വെക്കാൻ സമയമില്ലെങ്കിൽ കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിലിട്ട ശേഷം 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഈ ലായനി തണുപ്പിച്ച് തൊലികൾ അതേ വെള്ളത്തിലേക്ക് പിഴിയുക. ഇത് വളമായി ഉപയോഗിക്കാം. ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതും സ്‌പ്രേ ചെയ്യുന്നതും മികച്ച ഫലം തരും.
ഇനി അടുക്കളയിൽ ഏറ്റവും ഉപകാരപ്രദമായ ഒന്നും ഓറഞ്ച് തൊലി ഉപയോഗിച്ച് ഉണ്ടാക്കാം. പറ്റയെ തുരത്താൻ നാം പലപ്പോഴും രാസപദാർത്ഥങ്ങൾ അടങ്ങിയ സ്‌പ്രേകളാണ് ഉപയോഗിക്കുന്നത്. അടുക്കളയിൽ ഇത് ഉപയോഗിക്കാൻ പലർക്കും ഒരു ബുദ്ധിമുട്ട് കാണും. ഈ സാഹചര്യത്തിലാണ് ഓറഞ്ച് തൊലി സഹായകരമാകുന്നത്.
ഓറഞ്ചിന്റെ മണം തന്നെയാണ് പാറ്റയെ തുരത്താൻ മുൻപിൽ നിൽക്കുന്നത്. ഓറഞ്ചിന് സിട്രസ് മണം നൽകുന്ന ലിമോണീൻ എന്ന സംയുക്തം തൊലിയിൽ അടങ്ങിയിട്ടുണ്ട്. നമുക്ക് ഓറഞ്ചിന്റെ മണം നല്ല അനുഭവമാണ് നൽകുന്നതെങ്കിൽ പാറ്റകൾക്ക് അത് ബുദ്ധിമുട്ടാണ്. ഓറഞ്ച് തൊലികൾ ഇട്ടുവയ്ക്കുന്നയിടത്ത് പാറ്റ കടക്കാറില്ല.
ഓറഞ്ച് തൊലികൾ നന്നായി ഉണക്കിയെടുത്ത് പാറ്റ വരാൻ സാധ്യതയുള്ള സിങ്കിന്റെ താഴെ, അടുക്കളയുടെ മൂലകൾ സ്റ്റോറൂം എന്നിവടങ്ങളിൽ നിക്ഷേപിക്കാം. അതുമല്ലെങ്കിൽ ഓറഞ്ച് തൊലി നന്നായി പൊടിച്ച് വെള്ളത്തിൽ കലക്കി സ്േ്രപ ചെയ്ത് നൽകാം.
Discussion about this post