ന്യൂഡൽഹി: ഗവേഷകർ ആകാംഷയോടെ കാത്തിരുന്ന ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞ് വീശി. ഞായറാഴ്ച വീശുമെന്നായിരുന്നു പ്രവചനം എങ്കിലും അത് തെറ്റിച്ച് തിങ്കളാഴ്ചയോടെയായിരുന്നു കാറ്റ് ഭൂമിയിൽ പതിച്ചത്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായുള്ള ധ്രുവദീപ്തികൾ പ്രത്യക്ഷപ്പെട്ടു. അമേരിക്കയിലെ സ്‌പേസ് വെതർ പ്രെഡിക്ഷൻ സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നോർതേൺ കാലിഫോർണിയയിലെ അലബാമയിലും അലാസ്‌കയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുമാണ് ധ്രുവദീപ്തികൾ പ്രത്യക്ഷപ്പെട്ടത്. പച്ച, മഞ്ഞ, പിങ്ക് നിറങ്ങളിൽ പ്രത്യക്ഷപ്പെട്ട ജ്വാലകൾ കാഴ്ചക്കാരിൽ അത്ഭുതം നിറച്ചു. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വരുന്ന രണ്ട് ദിവസം കൂടി വിവധ ഭാഗങ്ങളിൽ ഈ പ്രതിഭാസം അനുഭവപ്പെട്ടേക്കാമെന്ന് ഗവേഷകർ പറയുന്നു.
ഭൂമിയിലേക്ക് ആഞ്ഞടിയ്ക്കുന്ന ഇത്തരം കൊടുങ്കാറ്റുകൾ ആശയ വിനിമയ സംവിധാനങ്ങളെയും മറ്റും തകരാറിൽ ആക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വീശിയ കാറ്റ് കാര്യമായപ്രശ്‌നങ്ങൾ ഉണ്ടാക്കിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. കാറ്റ് വീശാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ സർവ്വീസ് പ്രൊവൈഡർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും അവർ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതാണ് നാശനഷ്ടങ്ങൾ കുറയാൻ കാരണം ആയത്. ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകളും ഗവേഷകർ സ്വീകരിച്ചിരുന്നു.








