ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മിഗ് – 29 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചൈനയുമായുള്ള സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ഇന്ത്യ കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ മിഗ് 21 വിമാനങ്ങളെ പഴക്കത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഈ വിടവ് നികത്തുന്നതിന് വേണ്ടിയാണ് കൂടുതൽ മിഗ് 29 വിമാനങ്ങളെ സേനയുടെ ഭാഗമാക്കുന്നത്. മിഗ് 21 വിമാനങ്ങളെ പിൻവലിക്കുമ്പോൾ തന്നെ പകരമായി മറ്റ് വിമാനങ്ങൾ വാങ്ങുമെന്ന് സേന നേരത്തെ തന്നെ അറിയിച്ചിരുന്നു. 21 വിമാനങ്ങൾ ആകും പുതുതായി വാങ്ങുക. ഇവയുടെ ഒരു സ്‌ക്വാഡ്രണും രൂപീകരിക്കും.
നിലവിൽ 24 മിഗ് 29 വിമാനങ്ങൾ ആണ് വ്യോമസേനയുടെ പക്കൽ ഉള്ളത്. ഇത് നവീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. എച്ച്എസ്എൽഡി ( ഹൈ സ്പീഡ് ലോ ഡ്രാഗ് ബോംബ് ) മാർക്ക് III ഉപയോഗിക്കാൻ കഴിക്കുന്ന തരത്തിലായിരിക്കും വിമാനങ്ങളുടെ നവീകരണം.
1980 ലായിരുന്നു മിഗ് 29 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. 1986 ൽ വിമാനങ്ങൾ ആദ്യമായി റഷ്യ ഇന്ത്യയ്ക്ക് കൈമാറി. 1990ലും 2000 ത്തിലും അധികമായി വിമാനങ്ങൾ റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങിയിരുന്നു.
Discussion about this post