മലയാളം കലണ്ടർ പ്രകാരം കൊല്ലവർഷം 1200 പിറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന്. ഓഗസ്റ്റ് 16 നു കർക്കിടകം 32 തികഞ്ഞ് കൊല്ലവർഷം 1199 അവസാനിക്കും. മലയാള വർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. പുതുവർഷപ്പിറവി ആയതിനാൽ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കർക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2024 ഓഗസ്റ്റ് 16 വെള്ളിയാഴ്ച സൂര്യൻ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് ചിങ്ങ രവിസംക്രമം എന്നാണ് അറിയപ്പെടുന്നത്. ഇന്ന് വൈകീട്ട് 7.04 നാണ് ചിങ്ങ രവിസംക്രമം നടക്കുന്നത്. വളരെ സവിശേഷമായസമയമാണിത്. ഈ സമയത്തു നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും. ലളിതാസഹസ്രനാമം, കനകധാരാ സ്‌തോത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം.
മലയാള വർഷത്തിന്റെ ആദ്യ മാസം രാശി ചക്രത്തിൽ അഞ്ചാമത്തെ രാശി. ചിങ്ങം രാശിയുടെ അധിപതിയായി ആചാര്യന്മാർ സങ്കല്പിച്ചിരിക്കുന്നത് ലോക നാഥനും, സൃഷ്ഠി സ്ഥിതി സംഹാര മൂരത്തി യും ഭൂമിയിൽ കൊടുങ്കാറ്റും, പ്രളയവും, സമാധാനവും, ശാന്തിയും പ്രധാനം ചെ യ്യുന്ന സൂര്യനെയാണ്.ഇത് ഒരു അഗ്‌നി ചിഹ്നമാണ്,ഒപ്പം ഒരു സ്ഥിര രാശിയാണ്.
പൊതുവേ ഇംഗ്ലീഷ് കലണ്ടർ നോക്കിയാണ് നമ്മൾ തീയതികൾ പറയാറുള്ളതെങ്കിലും കൊല്ലവർഷം അഥവാ മലയാള വർഷം കേരളീയർക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ്. മംഗളകർമങ്ങൾക്കു മുഹൂർത്തം തീരുമാനിക്കാനും മരണാനന്തരക്രിയകൾ നടത്താനും പിറന്നാൾ ആഘോഷിക്കാനും തുടങ്ങി നിത്യജീവിതത്തിൽ കൊല്ലവർഷത്തെ ആധാരമാക്കി മലയാളികൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവർഷ കലണ്ടർ ഉണ്ടായത് ക്രിസ്തുവർഷം 825 ൽ ആണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇത്. ഗ്രിഗോറിയൻ കാലഗണനാരീതി ആണ് പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്.
Discussion about this post