ശ്രീനഗർ : വരാനിരിക്കുന്ന ജമ്മുകശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ള. അതേസമയം മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി കൂടിയായ മകൻ ഒമർ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചാൽ മാത്രമേ മത്സരത്തിനുള്ളൂ എന്നാണ് ഒമർ അബ്ദുള്ള വ്യക്തമാക്കുന്നത്.
ജമ്മുകശ്മീരിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പഴയ രീതിയിൽ സംസ്ഥാന പദവി പുനസ്ഥാപിക്കപ്പെട്ടാൽ താൻ സ്ഥാനം ഒഴിഞ്ഞ് പകരം മകൻ ഒമർ അബ്ദുള്ള ആ സീറ്റിൽ മത്സരിക്കും എന്നും ഫാറൂഖ് അബ്ദുള്ള അറിയിച്ചു. ഒരു ദശാബ്ദത്തിനിടെ ജമ്മുകശ്മീരിൽ നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. 3 ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് ജമ്മുകശ്മീരിൽ വോട്ടെണ്ണൽ നടക്കുക.
ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഫാറൂഖ് അബ്ദുള്ള അറിയിച്ചു. 90 അംഗ ജമ്മുകശ്മീർ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. 2014 നവംബർ, ഡിസംബർ മാസങ്ങളിൽ ആയിട്ടായിരുന്നു അവസാനമായി ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നത്.
Discussion about this post