ന്യൂഡൽഹി: മറ്റൊരു സൂപ്പർ മൂൺ കൂടി ഭൂമിയിൽ ദൃശ്യമാകുന്നു. ചൊവ്വാഴ്ചയാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. ഭൂമിയ്ക്ക് ഏറ്റവും അടുത്തായി ചന്ദ്രൻ വരുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ. ഈ സമയത്ത് ചന്ദ്രന് പതിവിലധികം തിളക്കവും വലിപ്പവും അനുഭവപ്പെടും.
ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ ആണ് ദൃശ്യമാകുന്നത്. ഇതൊരു ബ്ലൂ മൂൺ കൂടിയാണ് എന്നതാണ് പ്രത്യേകത. രണ്ട് പതിറ്റാണ്ടിൽ ഒരിക്കൽ മാത്രമായിരിക്കും ഇത്തരത്തിൽ സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ച് വരിക. ഇന്ത്യയ്ക്ക് പുറത്ത് തിങ്കളാഴ്ചയാകും ഇത് ദൃശ്യമാകുക. ഈ ഋതുവിലെ നാല് പൗർണമികളിൽ നാലാമത്തെയാണ് തിങ്കളാഴ്ച പ്രത്യക്ഷമാകുന്നത്.
അമേരിക്കയിൽ തിങ്കളാഴ്ച ഉച്ചയോടെ തന്നെ സൂപ്പർ മൂൺ ദൃശ്യമാകും. എന്നാൽ രാത്രിയായിരിക്കും ഇത് വ്യക്തമായി കാണാൻ കഴിയുക. ഇന്ത്യയിൽ ചൊവ്വാഴ്ചയേ ഇത് ദൃശ്യമാകുകയുള്ളൂ. ചില രാജ്യങ്ങളിൽ ഞായറാഴ്ച ഇത് ദൃശ്യമായേക്കാം.
തിങ്കളാഴ്ച ഭൂമിയിൽ നിന്നും 3,61,970 കിലോ മീറ്റർ മാത്രമാകും ചന്ദ്രന്റെ അകലം. സെപ്തംബർ ആകുമ്പോൾ ഇത് പിന്നെയും കുറയും. സെപ്തംബറിൽ 3,57,364 കിലോ മീറ്റർ ആയിരിക്കും അകലം. സൂപ്പർ മൂൺ ദൃശ്യമാകുന്ന സാഹചര്യത്തിൽ സെപ്തംബറിൽ ഭാഗിക ചന്ദ്രഗ്രഹണവും ഉണ്ടാകും.













Discussion about this post