തിരുവനന്തപുരം : സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമ മേഖലയിൽ ലൈംഗിക ചൂഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഇതിനെക്കാൾ നമ്മളെ വിഷമിപ്പിക്കുന്നത് നാലാരവർഷം ഇത് പോലെയുള്ള റിപ്പോർട്ട് കൈയിൽ വച്ച് പുറത്ത് കൊണ്ടുവരാതെ ഇതിന് മുകളിൽ സർക്കാർ അടയിരിക്കുകയായിരുന്നു എന്നതാണ് എന്ന് വി ഡി സതീശൻ പറഞ്ഞു.
സ്ത്രീ പക്ഷം മാത്രം പറയുന്ന ആളുകളാണ് അധികാരത്തിൽ ഇരിക്കുന്നത്. എന്നിട്ടാണ് ഇത്ര മാത്രം സ്ത്രീ വിരുദ്ധത നടന്നിട്ടും അതിനെ സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാത്തിരുന്നത്. റിപ്പോർട്ട് പുറത്ത് വിടാതെ ആരെ രക്ഷിക്കാനാണ് , ആർക്ക് വേണ്ടിയാണ് , എന്തിന് വേണ്ടിയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് ഇങ്ങനെയൊരു കമ്മീഷൻ കൊണ്ടുവന്നത്. ആ കമ്മീഷൻ ഇത് പോലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൊണ്ടുവന്നിട്ട് ഈ റിപ്പോർട്ട് വച്ച് എന്ത് ചെയ്യുകയായിരുന്നു. സർക്കാര് ചെയ്തത് ക്രിമിനൽ കുറ്റമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post