മുംബൈ: മുംബൈ ഭീകരാക്രമണത്തിന് പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ സഹായിച്ചെന്ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനിലൊരാളായ ഡേവിഡ് കോള്മാന് ഹെഡ്ലി. ലഷ്കര്‍ ഇ ത്വയിബയ്ക്ക് ആയുധങ്ങളും പരിശീലനവും നല്കി. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹെഡ്ലി മൊഴി നല്‍കുന്നത്.
പാക്ക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയിബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്ന് ഹെഡ്ലി പറഞ്ഞു. എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു. ഏഴു തവണയും മുംബൈയിലാണ് എത്തിയത്. ലഷ്കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്ലി മൊഴി നല്കി.
26/11ന് മുന്‍പ് രണ്ടുതവണ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. 2008 സെപ്റ്റംബറിലായിരുന്നു ആദ്യശ്രമം. എന്നാല്‍ ഭീകരരും സ്ഫോടകവസ്തുക്കളുമായി എത്തിയ ബോട്ട് പാറയില്‍ ഇടിച്ചു തകരുകയായിരുന്നു. എന്നാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. രണ്ടാം ശ്രമം 2008 ഒക്ടോബറിലായിരുന്നു. ആദ്യ ശ്രമത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെയായിരുന്നു രണ്ടാം വട്ടവും ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് ആക്രമണങ്ങളും പരാജയപ്പെട്ടു. മൂന്നാം ശ്രമമാണ് വിജയത്തിലെത്തിയത്.
മുംബൈയില്‍ നടന്ന ഭീകരാക്രമണം പാക്കിസ്ഥാന് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും പങ്കാളിത്തത്തോടെയായിരുന്നുവെന്ന് ഹെഡ്ലി വെളിപ്പെടുത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കു നല്കിയ മൊഴിയിലാണ് ഈ വിവരമുള്ളതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ചാനല്‍ പറഞ്ഞിരുന്നു.
Discussion about this post