ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിലെ വിവിധ ഷോപ്പിംഗ് മാളുകൾക്ക് നേരെ ബോംബ് ഭീഷണി. ചാണക്യ മാൾ, സെലക്ട് സിറ്റിവാക്ക്, ആംബിയൻസ് മാൾ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ഷോപ്പിംഗ് മാളുകൾക്കാണ് ചൊവ്വാഴ്ച ബോംബ് ഭീഷണി നേരിട്ടത്. ഇമെയിലുകൾ വഴിയായിരുന്നു ഓരോ മാളുകൾക്കും ബോംബ് ഭീഷണികൾ ഉണ്ടായത്. സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നും അവകാശപ്പെടുന്ന ഈമെയിലുകൾ ആയിരുന്നു ഷോപ്പിംഗ് മാളുകൾക്ക് ലഭിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ ഡൽഹി പോലീസ് ബോംബ് നിർവീര്യമാക്കാനുള്ള സ്ക്വാഡുകളെയും അഗ്നിരക്ഷാസേനയെയും ഭീഷണി സന്ദേശം ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിന്യസിച്ചു.
ഡൽഹി പോലീസ് നടത്തിയ തിരച്ചിലിൽ ഇതുവരെ ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല. എല്ലാം മാളുകൾക്കും ലഭിച്ച ഭീഷണി ഇമെയിലുകൾ സമാനമായ രീതിയാണ് പിന്തുടരുന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ഇതേക്കുറിച്ച് അധികൃതർ ഊർജിത അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നേരത്തെ ആഗസ്റ്റ് 17ന് ഗുരുഗ്രാമിലെ ആംബിയൻസ് മാളിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സമാനമായ രീതിയിൽ ഇമെയിൽ സന്ദേശത്തിലൂടെ ആയിരുന്നു അവിടെയും ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് സ്ക്വാഡും പോലീസും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ആഗസ്റ്റ് രണ്ടിന് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ സ്‌കൂളിന് നേരെയും സമാനമായ ഭീഷണി ഉയർന്നിരുന്നുവെങ്കിലും അന്വേഷണത്തിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ഇത്തരത്തിൽ വ്യാജ സന്ദേശം അയക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡൽഹി പോലീസ്.
Discussion about this post