രണ്ടാഴ്ചയായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആഗോളതലത്തിൽ ആവശ്യം ശക്തമാകുന്നു. അമേരിക്കൻ മുൻ സൈനിക ഉദ്യോഗസ്ഥൻ കേണൽ ഡഗ്ലസ് മാക്ഗ്രെഗറും യുഎഇ മുൻ നയതന്ത്ര പ്രതിനിധി ഹുസൈൻ ഹസ്സൻ മിർസയും ഉൾപ്പെടെയുള്ള പ്രമുഖർ മോദിയാണ് ഈ യുദ്ധം നിർത്താൻ ഏറ്റവും അനുയോജ്യമായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടു.
യുദ്ധം ചെയ്യുന്ന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സമതുലിതമായ ബന്ധമാണ് പ്രധാനമന്ത്രിയെ മികച്ച മധ്യസ്ഥനാക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പുരാതനമായ നയതന്ത്ര ബന്ധവും ഇറാന്റെ എണ്ണയുടെ പ്രധാന വാങ്ങലുകാർ എന്ന നിലയിലുള്ള സ്വാധീനവും നിർണ്ണായകമാണ്. ഇത് കൂടാതെ ബെഞ്ചമിൻ നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധം ചർച്ചകൾക്ക് വഴിതുറക്കും.
“മോദിക്ക് ഇറാൻ നേതാക്കളെയും നെതന്യാഹുവെയും ഒരൊറ്റ ഫോൺ കോളിലൂടെ സ്വാധീനിക്കാൻ കഴിയും. അദ്ദേഹത്തിന്റെ ഒരു വിളി മതി ഈ യുദ്ധം നിൽക്കാൻ.” – ഹുസൈൻ ഹസ്സൻ മിർസ മുമ്പ് പറഞ്ഞിരുന്നു.
യുദ്ധം തുടരുന്നത് ആഗോള എണ്ണവിപണിയെ തകിടം മറിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇത് 200 ഡോളറിലേക്ക് എത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇത്തരം സാഹചര്യം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് പുടിനോട് മോദി നടത്തിയ “ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന പ്രസ്താവന ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാധാനത്തിനായുള്ള ഇന്ത്യയുടെ ഈ നിലപാടാണ് ഇപ്പോൾ പശ്ചിമേഷ്യയിലും പ്രതീക്ഷ നൽകുന്നത്. അയത്തുള്ള ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഇന്ത്യ ഈ വിഷയത്തിൽ നയതന്ത്രപരമായ ജാഗ്രത പാലിക്കുന്നുണ്ട്.









