കവന്‍ട്രി: ഭാര്യയുടെ മരണവേദന സഹിക്കാനാവാതെ തൊട്ടടുത്ത ദിവസം തന്നെ ഭർത്താവും മരണത്തിന് കീഴടങ്ങിയ വാർത്തയിൽ ഞെട്ടി യുകെയിലെ മലയാളി പ്രവാസി ലോകം. നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ദിവസമാണ് സോണിയ മരണപ്പെട്ടത്. യാത്രകഴിഞ്ഞ് വീട്ടിലെത്തിയ സോണിയ കുളിക്കാനായി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭർത്താവ് അനിൽ സോണിയയെ പൊക്കിയെടുക്കുകയായിരുന്നു. പിന്നീട് പാരാമെഡിക്സ് സിപിആര്‍ നല്‍കി സോണിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ മരണം സംഭവിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് അനിലും മരണത്തിന് കീഴടങ്ങിയത്.സോണിയ മരിച്ച ദിവസം ഒരു പോള കണ്ണടയ്ക്കാതെ അനിൽ രാത്രി കഴിച്ചുകൂട്ടിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അടുത്ത ദിവസം വീടിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ജീവനൊടുക്കുകയായിരുന്നു. തനിക്ക് മരണ ശേഷം ഭാര്യയുടെ ശവക്കല്ലറയില്‍ യുകെയില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കണമെന്ന സന്ദേശം മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സോണിയയും അനിലും രണ്ടും മക്കളും യുകെയിൽ റെഡ്ഡിച്ചിലാണ് താമസം.റെഡ്ഡിച്ചിലെ അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു സോണിയ. റെഡ്ഡിച്ചിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അനിൽ ജോലി ചെയ്യുന്നത്. കാലിലെ ഒരു ചെറിയ സർജറിക്കായാണ് സോണിയ നാട്ടിലെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് സോണിയ. മക്കൾ ലിയ, ലൂയിസ്.
അനില്‍ ആശ്രിത വിസയില്‍ ആയതിനാല്‍ സോണിയയുടെ വിസ ഉടനെ കാലാവധി പൂര്‍ത്തിയാകും എന്നതിനാല്‍ യുകെയില്‍ തുടരാനുള്ള നിയമ സഹായത്തിനായി സുഹൃത്തുക്കൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന.കടുത്ത കുടിയേറ്റ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കുക അത്ര എളുപ്പമുള്ള സാഹചര്യമല്ല ബ്രിട്ടനിൽ നിലവിലുള്ളത്.
അനിലിൻറെയോ സോണിയയുടെയോ ഉറ്റബന്ധുക്കള്‍ യുകെയില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. കുട്ടികള്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്താണ് തുടര്‍ നടപടികള്‍ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.









Discussion about this post